ശ്രീജ.എസ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ ഗേറ്റിനു മുന്നില്‍തന്നെ തുടര്‍ന്നു.
പോലീസ് ബാരിക്കേഡ് തള്ളിമാറ്റി അകത്തു കയറാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. വീണ്ടും സംഘടിച്ചതോടെയാണ് കണ്ണീര്‍വാതകവും പ്രയോഗിച്ചത് . മുദ്രാവാക്യം വിളി തുടര്‍ന്ന പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായി.
ഇതിനെ തുടര്‍ന്ന് പോലീസ് രണ്ടു തവണ ഗ്രനേഡ് പ്രയോഗിക്കുകയും ഒരു തവണ കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധ പരിപാടിയില്‍ കെ.എസ്. ശബരീനാഥന് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചതിനു ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. നിലവില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ശക്തമായ പോലീസ് സന്നാഹമുണ്ട്. കെ.എസ്.ശബരിനാഥന് എംഎല്‍എയുടെ നേതൃത്വത്തിലാണ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.