IndiaLatest

പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഇനി യൂണിഫോം വേണ്ട

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറികളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ഉള്‍പ്പെടെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (എന്‍.സി.ടി.ഇ) മാനദണ്ഡം പാലിക്കാതെ നടത്തുന്ന പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

സര്‍ക്കാര്‍ സ്കൂളുകളില്‍ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നയരൂപവത്കരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സ്വതന്ത്രമായ പ്രീ സ്കൂളിങ് അന്തരീക്ഷം ഒരുക്കുക എന്ന കാഴ്ചപ്പാടിന് വിരുദ്ധമായതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വേണ്ടെന്ന് തീരുമാനിച്ചത്. മിക്കയിടത്തും സ്കൂളുകളിലേതിന് സമാനമായ യൂനിഫോം പ്രീ പ്രൈമറികളിലും നടപ്പാക്കിവരുന്നുണ്ട്.
സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ എന്‍.സി.ടി.ഇ മാനദണ്ഡം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് 2019-20ല്‍ എസ്.സി.ഇ.ആര്‍.ടി പഠനം നടത്തിയിരുന്നു. കെല്‍ട്രോണ്‍ ഉള്‍പ്പെടെ 341 സ്ഥാപനങ്ങള്‍ എന്‍.സി.ടി.ഇ മാനദണ്ഡം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പ്രീ പ്രൈമറി കോഴ്സ് പ്രീ പ്രൈമറി അധ്യാപക നിയമനത്തിന് യോഗ്യതയായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
2012നുശേഷം സ്കൂള്‍ പി.ടി.എ സര്‍ക്കാര്‍ അംഗീകാരമില്ലാതെ നിയമിച്ച പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉത്തരവായിട്ടുണ്ട്. സ്കൂളുകളുടെ ഭാഗമായി പ്രീ സ്കൂളുകള്‍ 2012 ഡിസംബര്‍ ഏഴിന് ശേഷം ആരംഭിക്കരുതെന്ന് നിര്‍ദേശിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ തുടങ്ങിയതിനാലാണ് 2012ന് ശേഷം പി.ടി.എ നിയമിച്ച പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ ഓണറേറിയം നല്‍കേണ്ടതില്ലെന്ന് ഉത്തരവായത്.
അണ്‍എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാനും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ മിക്കയിടത്തും പി.ടി.എ മുന്‍കൈയെടുത്ത് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.

Related Articles

Back to top button