IndiaLatest

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു സ്വർണം

“Manju”

ഹാങ്ചോ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു സ്വർണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുൻതൂക്കം വച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ മെഡലുകളുടെ എണ്ണം 27 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാൻ 18.2 ഓവറിൽ‌ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു.

മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യന്‍ ഗെയിംസ് സംഘാടകർ തീരുമാനിക്കുകയായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലദേശ് പാക്കിസ്ഥാനെ കീഴടക്കി. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനോടും തോറ്റിരുന്നു. വെങ്കലം നേടാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ പാക്കിസ്ഥാനെ ശനിയാഴ്ച ആറു വിക്കറ്റിനാണ് ബംഗ്ലദേശ് വീഴ്ത്തിയത്. മഴ മൂലം വൈകിയാണ് മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടം തുടങ്ങിയത്.

ഇരു ടീമുകള്‍ക്കും അഞ്ച് ഓവറുകൾ വീതമായി വെട്ടിച്ചുരുക്കിയാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 48 റൺസ്. പാക്ക് ഇന്നിങ്സിനു ശേഷം വീണ്ടും മഴയെത്തി. പിന്നീട് കളി തുടങ്ങിയപ്പോൾ ബംഗ്ലദേശിന്റെ വിജയ ലക്ഷ്യം അഞ്ച് ഓവറിൽ 65 റൺസായി പുനർനിര്‍ണയിച്ചു. അവസാന ഓവറിലെ തകർപ്പൻ പ്രകടനത്തോടെ ബംഗ്ലദേശ് വിജയത്തിലെത്തുകയായിരുന്നു.

Related Articles

Back to top button