നിരീക്ഷണത്തിലുള്ള കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പരിശോധന ഫലം വരും മുമ്പേ ജോലിക്കെത്തി
സിന്ധുമോള്‍ ആര്
മലപ്പുറം: കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയ മൂന്നുപേര്‍ ക്വാറന്റീന് പൂര്‍ത്തിയാക്കാതെ വ്യാഴാഴ്ച ജോലിക്കെത്തി. ഡോക്ടര്‍മാര്‍ 14 ദിവസം ക്വാറന്റീന് നിര്‍ദേശിച്ച ഉദ്യോഗസ്ഥനും മെക്കാനിക്കുകളുമാണ് രണ്ടോ മൂന്നോ നാള് മാത്രം വീട്ടിലിരുന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഇവരുടെ സ്രവപരിശോധനഫലം ഇതുവരെ വന്നിട്ടില്ല.
വെഹിക്കിള്‍ സൂപ്പര്‍വൈസറുമായി സമ്പര്‍ക്കം പുലര്ത്തിയവരെന്ന നിലയില്‍ നിരീക്ഷണത്തിലാണ് മൂന്നുപേരും. അതേസമയം, കോട്ടപ്പടിയിലും കരിപ്പൂരിലും പോയി ആന്റിജന്‍ ടെസ്റ്റ് നടത്തിയ ഫലം നെഗറ്റിവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവര്‍ ജോലിക്കെത്തിയതെന്ന് വകുപ്പ് മേധാവികള്‍ പറയുന്നു.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റിവായാല്‍ കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥരും ജീവനക്കാരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയി സ്രവം നല്‍കിയതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.
14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടത്. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് കരിപ്പൂരിലെത്തിയും ആന്റിജന്‍ ടെസ്റ്റ് നടത്തി. ഈ ഫലത്തിന്റെ മാത്രം ബലത്തിലാണ് ജോലിക്ക് കയറിയിരിക്കുന്നത്. സഹജീവനക്കാരില്‍ ഇത് ആശങ്ക പരത്തിയിട്ടുണ്ട്.