KeralaLatest

പുതിയ കെപിസിസി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും

“Manju”

പുതിയ കെപിസിസി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും. പുനഃസംഘടനയുമായി ബന്ധപ്പെട്ട നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നത്. രാവിലെ 11ന് പാർട്ടി ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിക്കും. പാർട്ടിയിൽ കൂടിയാലോചനകളില്ലെന്ന വിമർശനങ്ങൾ പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ചർച്ച നടത്തും.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, എം കെ രാഘവൻ എന്നിവർക്കും കോൺഗ്രസിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനമുണ്ട്. രാഷ്ട്രീയ സാഹചര്യം അനുകൂലമാകുമ്പോൾ നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നത ഗുണം ചെയ്യില്ലെന്നും പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നുമാണ് പൊതുവികാരം.

മുതിർന്ന നേതാക്കൾ മുൻകൈയെടുത്ത് അനുനയ ചർച്ചകൾ നടത്തും. ബെന്നി ബഹനാന്റെ നാടകീയ രാജി ഗ്രൂപ്പ് പോരിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മറ്റു ചർച്ചകൾ ഉണ്ടാവില്ല. ഗ്രൂപ്പിൽ പൂർണമായും ഒറ്റപ്പെട്ട ബെന്നി ബഹനാന്റെ തുടർനീക്കങ്ങൾ എ ഗ്രൂപ്പ് നിരീക്ഷിക്കുകയാണ്.യുഡിഎഫ് കൺവീനറായി എം എം ഹസനെ നേരത്തെ തീരുമാനിച്ചിരുന്നു. ഹൈക്കമാൻഡിന്റെ അംഗീകാരത്തോടുകൂടി യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തും.

പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് ഒരിടവേളയ്ക്ക് ശേഷം പാർട്ടിയിൽ പോർമുഖം തുറന്നിരിക്കുകയാണ് കെ മുരളീധരൻ. പരസ്യമായി തുറന്ന് പറയില്ലെന്ന് വ്യക്തമാക്കിയെങ്കിലും നീരസം പരസ്യമാക്കിയതിലൂടെ നേതൃത്വത്തിന് കൃത്യമായ സന്ദേശമാണ് കെ മുരളീധരൻ നൽകിയത്.

Related Articles

Back to top button