KeralaLatest

നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുസൂദനന്‍ അന്തരിച്ചു

“Manju”

കോഴിക്കോട് ; പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധു മാഷ് (മധുസൂദനന്‍ -73) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രസിദ്ധമായ ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരള നാടക ചരിത്രത്തില്‍ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനൊപ്പം നിര്‍ത്താവുന്ന ചരിത്ര പ്രസക്തിയുള്ള നാടകമാണ് അമ്മ. ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്സ്, കറുത്ത വാര്‍ത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

1948 ഒക്ടോബര്‍ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും പത്താമത്തെ മകനായി അത്താണിക്കലിലാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ട്രെയിനിങ് കോളേജില്‍നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. അക്കാലത്ത് നക്സല്‍ പ്രസ്ഥാനവുമായി അടുത്ത അദ്ദേഹം അതിന്റെ പ്രവര്‍ത്തകനായി. വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. പിന്നീട് കേസില്‍ വിട്ടയച്ച ശേഷം ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അധ്യാപകനായി. ഭാര്യ: ഉഷാറാണി. മക്കള്‍: വിധുരാജ് (ഫോട്ടോ ഗ്രാഫര്‍, മലയാള മനോരമ), അഭിനയ രാജ്.

സംസ്‌കാരം നാളെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ രാവിലെ 10 ന് നടക്കും. രാവിലെ 9 മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും.

Related Articles

Back to top button