KeralaLatest

ഗാസ ; സ്ഥിതി അതീവ ഗുരുതരം, മരണസംഖ്യ കുത്തനെ ഉയരുന്നു.

“Manju”

ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമാകുന്നു. ആക്രമണം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ രാത്രി ഗാസയിലുടനീളം ബോംബാക്രമണം നടത്തി.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളുടെ സമീപത്താണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
യുദ്ധത്തില്‍ ഇരുവശത്തുമായി ആറായിരത്തിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പല ആശുപത്രികളും ഇന്ധന ക്ഷാമം നേരിടുന്നുണ്ട്. വൈദ്യുതി തടസപ്പെട്ടാല്‍ വെന്റിലേറ്ററിലുള്ള നൂറ് കണക്കിന് കുട്ടികള്‍ മരണപ്പെടുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
വടക്കൻ ഗാസയിലെ 20 ആശുപത്രികളും ഒഴിയണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ആശുപത്രികള്‍ ഒഴിപ്പിച്ചു. 10 ആശുപത്രികള്‍ സാവകാശം തേടി. നാല് ആശുപത്രികള്‍ സാദ്ധ്യമല്ലെന്ന നിലപാടിലാണ്. 400 രോഗികള്‍ക്കു പുറമേ, വീടുകള്‍ വിട്ടിറങ്ങിയ 12000പേര്‍ തങ്ങുന്ന അല്‍ ഖുദ്സ് ആശുപത്രിയും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിനു തുല്യമാണ് ഇസ്രയേലിന്റെ നിര്‍ദേശമെന്ന് റെഡ് ക്രെസന്റ് അധികൃതര്‍ പ്രതികരിച്ചു. ആശുപത്രികളും ആരാധനാലങ്ങളും മറയാക്കി ഹമാസ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ നിലപാട്. ഗാസയിലെ 31 പള്ളികള്‍ ഇസ്രയേല്‍ തകര്‍ത്തെന്ന് ഹമാസ് പറയുന്നു.
ഒഴിഞ്ഞുപാേകാനുള്ള നിര്‍ദ്ദേശം അവഗണിച്ച്‌ വടക്കൻ ഗാസയില്‍ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കാണേണ്ടിവരുമെന്നും ആക്രമണത്തിന് ഇരയാകുമെന്നും ഇസ്രയേല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബ് ഭാഷയിലുള്ള അറിയിപ്പ് ആകാശമാര്‍ഗം വിതറുകയായിരുന്നു. ആക്രമണം കൂടുതല്‍ കടുപ്പിക്കുന്നതിന്റെ സൂചനയാണിത്.
അടിയന്തര വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാവുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഈജിപ്റ്റില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ ഇറാൻ പങ്കെടുത്തിരുന്നില്ല. അതേസമയം, ഇറാന്റെ പിന്തുണയുള്ള ലബനിലെ ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഗാസാ അതിര്‍ത്തിയിലെ സൈനികരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.

Related Articles

Back to top button