Article

അലക്ക് എളുപ്പമാക്കിയ കണ്ടുപിടിത്തം; വാഷിംഗ് മെഷീന്റെ തുടക്കം ഇങ്ങനെ

“Manju”

തുണി അലക്കുക എന്ന ഭാരിച്ച പണിയെ ലഘൂകരിച്ച അലക്കുയന്ത്രത്തിന്റെ ആവിർഭാവം അമേരിക്കയിലാണ്. ഇന്ത്യാന സ്വദേശിയായ വില്യം ബ്ലാക്ക് സ്റ്റോണാണ് ഇതിന്റെ കണ്ടു പിടിത്തത്തിന് പിന്നിൽ. വസ്ത്രങ്ങൾ അലക്കി ഭാര്യ ബുദ്ധിമുട്ടുന്നതു കണ്ട ബ്ലാക്ക് സ്റ്റോൺ ഇതിനൊരു പരിഹാരം കാണാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ലോകത്തെ ആദ്യ അലക്കുയന്ത്രം രൂപം കൊണ്ടത്. നിരന്തര ശ്രമങ്ങൾക്ക് ശേഷം നിർമ്മിച്ച അലക്ക് യന്ത്രം 1874 ൽ അദ്ദേഹം ഭാര്യയ്‌ക്ക് സമ്മാനമായി നൽകി.

കൈകൾ കൊണ്ട് വസ്ത്രങ്ങൾ കഴുകുന്ന അതേ രീതി അവലംബിച്ചായിരുന്നു ബ്ലാക്ക് സ്റ്റോൺ അലക്ക് യന്ത്രം നിർമ്മിച്ചത്. പരന്ന ഒരു വലിയ പലകയും , ആറ് മരക്കഷ്ണങ്ങളും ചേർത്തായിരുന്നു നിർമ്മാണം. ഒരു ഹാൻഡിൽ കൊണ്ട് മരക്കഷ്ണങ്ങളെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ സാധിക്കുന്നതായിരുന്നു ബ്ലാക്ക് സ്റ്റോണിന്റെ യന്ത്രം. സോപ്പുവെള്ളത്തിൽ മുങ്ങിയിരിക്കുന്ന വസ്ത്രം ഈ പലക കഷ്ണങ്ങൾക്കിടയിലൂടെ കറങ്ങുമ്പോൾ അഴുക്ക് ഇളകിപ്പോകും.

ബ്ലാക്ക് സ്റ്റോണിന്റെ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ച് പിന്നെയും അലക്കു യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടെങ്കിലും, ഇവയുടെ വളർച്ചയിൽ നിർണ്ണായകമായത് 1908 ലെ കണ്ടുപിടിത്തമാണ്. 1908 ലായിരുന്നു ആദ്യത്തെ ഇലക്ട്രിക് വാഷിംഗ് മെഷീൻ കണ്ടുപിടിച്ചത്. ഷിക്കോഗോയിലെ ഹർളി മെഷീൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന ആൽവാ. ജെ. ഫിഷർ ആയിരുന്നു ഈ കണ്ടുപിടിത്തിന് പിന്നിൽ. ഡ്രം ആകൃതിയിലുള്ള ഫിഷറിന്റെ വാഷിംഗ് മെഷീൻ ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതായിരുന്നു.

ആദ്യകാലത്ത് അലക്ക് യന്ത്രത്തിന്റെ അടിഭാഗത്തായിരുന്നു മോർട്ടർ ഘടിപ്പിച്ചിരുന്നത്. അതിനാൽ തന്നെ അലക്കുമ്പോൾ വെള്ളം തെറിച്ച് അപകടങ്ങൾ ഉണ്ടാകുക പതിവായിരുന്നു. പിന്നീട് കൂടുതൽ കാര്യക്ഷമമായ യന്ത്രങ്ങൾ കണ്ടുപിടിച്ചതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

Related Articles

Back to top button