ArticleLatest

ഓട്ടിസം നേരത്തെ തിരിച്ചറിയാം…

“Manju”

ഏപ്രില്‍ രണ്ട് എല്ലാ വര്‍ഷവും ലോക ഓട്ടിസം ബോധവത്കരണ ദിനമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. ഓട്ടിസം ബാധിച്ച ആളുകളെ കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനും അവരുടെ അവകാശങ്ങളും നേട്ടങ്ങളും തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ ഈ വിഭാഗത്തിലുള്ള ആളുകളെ സമൂഹത്തിന്റെ അഭിവാജ്യ ഘടകമായി അവരുടെ ജീവിത നിലവാരം ഉയര്‍ത്തി അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാനുള്ള പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യം ഈ ദിനം നമ്മളെ ഓര്‍മപ്പെടുത്തുന്നു.

ലൈറ്റ് ഇറ്റ് അപ്പ് ബ്ലൂ കാമ്പയിന്‍

ഓട്ടിസത്തെപ്പറ്റി പരസ്യമായി മാധ്യമങ്ങളിലൂടെയും മറ്റും ചിത്രീകരിക്കുമ്ബോള്‍ അത് വിവിധ ലക്ഷണങ്ങളുള്ള ഒരു വര്‍ണാഭമായ അവസ്ഥയായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. തന്മൂലം മഴവില്ല് വര്‍ണങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളെയും കഴിവുകളെയും പ്രതിനിധീകരിക്കുന്നു. ഇതില്‍ നീല നിറം ഓട്ടിസം ബാധിതരുടെ ശാന്തമായ വികാരവും സ്വീകാര്യതയുമായി ബന്ധപ്പെടുന്നു. ‘ലൈറ്റ് ഇറ്റ് അപ്പ് ബ്‌ളൂ’ (Light it up blue) കാമ്ബയിന്‍ ലോകമെമ്ബാടുമുള്ള ഓട്ടിസം ബോധവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ആളുകളോട് നീല വസ്ത്രം ധരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരണം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. ഏകദേശം പതിനായിരത്തില്‍ 23 കുട്ടികള്‍ നമ്മുടെ രാജ്യത്ത് ഓട്ടിസം ബാധിതരാണെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദക്കാലമായി ഈ സംഖ്യ കൂടി വരുന്നു.

എന്താണ് ഓട്ടിസം

ഓട്ടിസം അഥവാ ഓട്ടിസം സ്‌പെക്‌ട്രം ഡിസീസ് ആശയ വിനിമയവും പെരുമാറ്റ വെല്ലുവിളികളും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ അവസ്ഥയാണ്. ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്നതും പ്രത്യേക പരിചരണം ആവശ്യമുള്ളതുമായ തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ് ഈ അവസ്ഥ. അതിനാല്‍ ഓട്ടിസം ഒരു ന്യൂറോ ഡെവലപ്‌മെന്റല്‍ രോഗമെന്ന് പറയാം.

സാമൂഹീകരണം, ആശയ വിനിമയം എന്നീ കാര്യങ്ങളില്‍ മറ്റ് കുട്ടികളില്‍ നിന്ന് വളരെ പ്രകടമായ വ്യത്യസ്തതയില്‍ ജീവിക്കുന്ന കുട്ടികളാണ് ഇവര്‍. ചുറ്റുപാടും ശ്രദ്ധിക്കാതെ ആന്തരിക സ്വപ്ന ലോകത്തില്‍ ജീവിക്കുന്ന അവസ്ഥ. ഓട്ടിസം ഡിസോര്‍ഡര്‍ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഇത് വ്യക്തിയുടെ മൊത്തം വൈജ്ഞാനിക, വൈകാരിക സാമൂഹിക തലങ്ങളില്‍ വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ എങ്ങിനെ ചിന്തിക്കുന്നു അല്ലെങ്കില്‍ അനുഭവപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. കണ്ണില്‍ നോക്കി സംസാരിക്കാനോ, ഒന്ന് മറുപുഞ്ചിരി നല്‍കാനോ ഇവര്‍ക്ക് കഴിയാറില്ല. തെളിച്ചമുള്ള ലൈറ്റുകളോ, ഉച്ചത്തിലുള്ള ശബ്ദങ്ങളോ ഇവരെ അലട്ടാറുണ്ട്.

അപരിചതമായ സാഹചര്യങ്ങളെയും സാമൂഹിക സംഭവങ്ങളെ കുറിച്ചും പലപ്പോഴും ആകുലപ്പെടുകയോ, അസ്വസ്ഥരാകുകയോ ചെയ്യാറുണ്ട്. കൂടാതെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കള്‍ അവര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന ബോധവത്കരണ ക്ലാസ്സുകളില്‍ വെച്ച്‌ എന്നോട് പലപ്പോഴും ഈ ആകുലതകള്‍ പങ്ക് വെക്കാറുണ്ട്. ആറ്റുനോറ്റുണ്ടായ കുട്ടിയില്‍ നിന്ന് അച്ഛന്‍, അമ്മ എന്നീ വിളികള്‍ കേള്‍ക്കാന്‍ കഴിയാതെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഈ അവസ്ഥകളില്‍ വേദനിച്ചും നടക്കുന്ന രക്ഷിതാക്കള്‍. പക്ഷെ ഈ അവസ്ഥയെ ധൈര്യപൂര്‍വം അഭിമുഖീകരിച്ചേ പറ്റൂ.

രോഗനിര്‍ണയം

ഒരു മെഡിക്കല്‍ രോഗ നിര്‍ണയം ആവശ്യമാണ്. DSM 5 അനുസരിച്ച്‌ ASD യുടെ വിശാലമായ രോഗ നിര്‍ണയം Asperger’s syndrome പോലുള്ള അവസ്ഥകളെ ഉള്‍ക്കൊള്ളുന്നതാണ്. രോഗലക്ഷണങ്ങളുടെ തീവ്രതയും വ്യാപ്തിയും വളരെ വ്യത്യസ്തമായിരിക്കും. ആശയ വിനിമയത്തിലെയും സാമൂഹിക ബാഹ്യ ഇടപെടലുകളിലെയും ബുദ്ധിമുട്ട്, കൈകളും ശരീര ഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കല്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുക്കളിലേക്കോ കുറേ നേരം നോക്കി നില്‍ക്കുക, കളിപ്പാട്ടങ്ങളും വസ്തുക്കളും നിരനിരയായി വെക്കുക, ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശനങ്ങളില്‍ അനിഷ്ടം പ്രകടിപ്പിക്കുക, ഏത് സാധനവും കൈയിലെടുത്ത് മണത്തു നോക്കുക തുടങ്ങിയവും ലക്ഷണങ്ങളാണ്. നേരത്തെ കണ്ടു പിടിക്കുകയാണെങ്കില്‍ വ്യക്തികളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

 

Related Articles

Back to top button