
മിസോറമിൽ നിന്ന് മോഹൻ വിളിച്ചു. ഡൽഹിയിലെ വാട്സ് അപ്പ് കൂട്ടായ്മ ആ വിളി കേട്ടു. ഈ കൊറോണകാലത്ത് സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും മാറ്റിനിർത്താനവില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. ഇനി കാര്യം പറയാം.
ഡൽഹിയിലെ പ്രമുഖ മലയാളികൾ ഉൾപ്പെടുന്ന വാട്സപ്പ് കൂട്ടായ്മ. “ ഡിസ്സ്ട്രെസ് മാനേജ്മെന്റ് കളക്ടീവ്” . റിട്ട. ജ്സറ്റിസ് കുര്യൻ ജോസഫ്, ബാബു പണിക്കർ തുടങ്ങി നിരവധി പേരടങ്ങുന്ന ഒരു ഗ്രൂപ്പ്. അതിലേക്കാണ് മിസോറമിൽ നിന്നും മോഹന്റെ സന്ദേശം വന്നത്. ” കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം തനിക്ക് ആവശ്യമുള്ള മരുന്നുകൾ മിസോറമിൽ ലഭിക്കുന്നില്ല. സമ്പൂർണ്ണ അടച്ചിടൽ മൂലം പുറത്തിറങ്ങാൻ നിർവാഹമില്ല. സഹായിക്കണം” ഇതായിരുന്നു മോഹന്റെ അപേക്ഷ.
മോഹന്റെ നിസഹായതയെ ഗ്രൂപ്പംഗങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഉടനെ ഗ്രൂപ്പിലെ അഡ്മിൻമാരിൽ ഒരാൾ കൂടിയായ അൽഫോൺസ് കണ്ണന്താനം എം. പി ഇടപെട്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അദ്ധേഹം തന്റെ സുഹൃത്തായ മിസോറം ഡി.ജി.പി എസ്.ബി.കെ. സിംഗിനെ ഫോണിൽ വിളിച്ചു. മരുന്ന് വാങ്ങാൻ ആളും വാഹനവും തയ്യാർ. തുടർന്ന് 20 മണിക്കൂർ യാത്ര. ആസാമിലെ ഗുവാഹത്തിയിൽ നിന്നും മരുന്ന് സംഘടിപ്പിച്ച് മോഹന്റെ കൈകളിൽ എത്തിക്കുന്നതുവരെ ആ വാട്സ്അപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ സജീവമായിരുന്നു. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത നിമിഷം. നിറകണ്ണുകളോടെയാണ് മോഹൻ ആ മരുന്നുകൾ ഏറ്റുവാങ്ങിയത്.
എം. പി യും ഡി. ജി.പിയുമൊക്കെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുക മാത്രമായിരുന്നില്ല. സാമൂഹിക അകലം പാലിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയുടെ മാനുഷിക മുഖമായി മാറുകയായിരുന്നു അവരൊക്കെ. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ, ഒരു വാട്സ് അപ്പ് ഗ്രൂപ്പിലെ അംഗമായതുകൊണ്ട് മാത്രം, സഹായിക്കാനിറങ്ങി പുറപ്പെട്ടത് ഈ കൊറോണ കാലത്ത് ആളാകാനല്ല. അൽഫോൺസ് കണ്ണന്താനത്തിന്റെ വാക്കുകളിലേക്ക്.
സാധാരണക്കാരെ വരെ ചേർത്തു നിർത്താൻ മനസുള്ള ഒരുപാട് പേർ നമ്മുടെ കൂടെയുണ്ട്. എത്ര ദൂരെയായാലും നാം ഒറ്റക്കല്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ സഹോദരങ്ങൾ എവടെയൊക്കെയോ ഉണ്ട്. അതിനാൽ ഇത് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.