IndiaLatest

കാരുണ്യത്തിന്റെ അടയാളമായി അഹമ്മദാബാദ് കേരള സമാജം.

“Manju”

ഹരീഷ് റാം

അഹമ്മദാബാദ്: ലോക്ക് ഡൗൺ എല്ലായിടത്തുമെന്ന പോലെ അഹമ്മദാബാദിലേയും സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. കോവിഡ്- 19 പോസിറ്റിവായവരെ സംബന്ധിച്ചുള്ള പുതിയ വാർത്തകൾ, കൂടുതൽ ജാഗ്രതയിലേക്ക് മാറാനുള്ള പ്രേരണ, എല്ലാവർക്കും നൽകുന്നു.

ഈ കൊറോണക്കാലത്ത് കാരുണ്യത്തിന്റെ അടയാളമാവുകയാണ് മലയാളികളുടെ കൂട്ടായ്മയായ അഹമ്മദാബാദ് കേരള സമാജം.കേരളത്തിലുണ്ടായ പ്രളയത്തിന്റെ വേദനകളിലും , ആശ്വാസത്തിന്റെ കൈത്താങ്ങായി ആത്മാർത്ഥമായ ഇടപെടലുകൾ സമാജം നടത്തിയിരുന്നു. സമാജത്തിന്റെ 13 വാർഡു കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.

ലോക്ക് ഡൗൺ കാരണം, ജോലിയും വരുമാനവും നഷ്ടപ്പെട്ടതിനാൽ പ്രയാസം അനുഭവിക്കുന്ന മലയാളി കുടുംബങ്ങളേയും ഓരോ പ്രദേശത്തും സഹായം ആവശ്യമുള്ള ഇതര വിഭാഗക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് ശ്രീ.കെ എം രാമചന്ദ്രനും ജനറൽ സെക്രട്ടറി ശ്രീ.സി.വി.നാരായണനും പറഞ്ഞു. അഞ്ഞൂറു രൂപയുടെ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയ്യാറാക്കുന്നതിന് സമാജം അംഗങ്ങളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സാധനങ്ങൾ മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് വാർഡുകളിലെത്തിച്ച് സഞ്ചികളിലാക്കി സമാജം പ്രവർത്തകർ വിതരണം ചെയ്യുന്നു. ഭക്ഷണ പൊതി വിതരണവും വളരെ അത്യാവശ്യമുള്ള ഇടങ്ങളിൽ ചെയ്യുന്നു.

ഒഡവ്, ബാപ്പു നഗർ, ഹഥിജൻ തുടങ്ങിയ സ്ഥലങ്ങളിലെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന മലയാളി കുടുംബങ്ങളുടെ ക്ഷേമത്തിൽ സമാജം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വയോജനങ്ങൾക്ക് മരുന്നു വാങ്ങിച്ചു നൽകുന്നതിനും അത്യാവശ്യമായ മറ്റു സഹായങ്ങൾ ചെയ്യുന്നതിനുമായി യുവസംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ട്. സ്ത്രീകളുടെ കൂട്ടായ്മയായ സ്ത്രീശക്തിയുടെ നേതൃത്വത്തിൽ മാസ്കുകൾ തയ്യാറാക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട്..

ഗവണ്മെന്റ് നിർദ്ദേശങ്ങൾ മാനിച്ച്, അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓരോ അംഗങ്ങളും കാരുണ്യ പ്രവർത്തനങ്ങളിൽ ഏകമനസ്സോടെ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നുവെന്നതാണ് ഈ ടീമിന്റെ വിജയരഹസ്യം. 75 വർഷങ്ങൾ പിന്നിട്ട സമാജത്തിൽ 6000 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്.

അപ്രതീക്ഷിതമായി വീണു കിട്ടിയ അവധിക്കാലം, മലയാള മിഷൻ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും വളരെ ക്രിയാത്മകമായി വിനിയോഗിക്കാനായി കഥ, കവിത, സംഗീതം, ചിത്രരചന തുടങ്ങിയവക്ക് ഓൺലൈൻ പരിശീലനങ്ങളും മത്സരങ്ങളും പ്രത്യേകം നടപ്പാക്കി വരുന്നു.

Related Articles

Leave a Reply

Back to top button