
എസ്. സേതുനാഥ് മലയാലപ്പുഴ
കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സയെത്തിക്കുകയെന്ന ലക്ഷ്യത്തോടെകോര്‍പറേഷന്റെ നേതൃത്വത്തില്‍ആയുര്‍വേദ, സിദ്ധ മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ക്ക് തുടക്കമിട്ടു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കിയത്. നഗരപരിധിയില്‍താമസിക്കുന്നവര്‍ക്കാണ് മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ സേവനം ലഭിക്കുക. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് കര്‍മം മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) ആണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ചികിത്സയും മരുന്നും തികച്ചും സൗജന്യമാണ്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ സേവനം ലഭിക്കും.
ആയുര്‍വേദത്തിന്റെ രണ്ട് ടീമും സിദ്ധയുടെ ഒരു ടീമുമാണുള്ളത്. കോര്‍പറേഷന്റെ ഹെല്‍പ് ഡെസ്‌കുമായി ചേര്‍ന്നാണ് മൊബൈല്‍ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനം. സേവനം ആവശ്യമുള്ളവര്‍ക്ക്9496434409, 9496434410, 7736167094 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്തുന്നത് കുറയ്ക്കാന്‍ പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആയുര്‍വേദ ഡി.എം.ഒ.റോബര്‍ട്ട് രാജ്, ഐ.എസ്.എം ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്.ദുര്‍ഗപ്രസാദ്, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.