Kerala

ക്വാറന്റൈനിലിരുന്നിട്ടും കോവിഡ്.. ജാഗ്രത കൂട്ടി

“Manju”

ഹർഷദ് ലാൽ ,കണ്ണൂർ

 

കോഴിക്കോട്: എടച്ചേരിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ക്വാറന്‍റൈൻ കാലയളവ് പിന്നിട്ടയാളാണെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി. ദുബായിൽ നിന്ന് മാർച്ച് 18-ാം തീയതിയാണ് അദ്ദേഹം തിരികെ നാട്ടിലെത്തിയത്. ശനിയാഴ്ച ഇദ്ദേഹത്തിന്‍റെ 67-കാരനായ അച്ഛനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ 19-കാരിയായ മകളാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇവർക്ക് മൂന്ന് പേർക്കും കൊവിഡ് ബാധിച്ചത് അന്തരിച്ച മാഹി സ്വദേശിയിൽ നിന്നാണ് എന്നാണ് നിലവിൽ ആരോഗ്യവകുപ്പിന്‍റെ പ്രാഥമികനിഗമനം. 67-കാരനും മാഹി സ്വദേശി മഹ്റൂഫും ഒരേ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നു.

ക്വാറന്‍റൈൻ കാലയളവ് പൂർത്തിയാക്കിയ ആൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത് എന്നത് ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോകാരോഗ്യസംഘടന നിർദേശിച്ച 14 ദിവസത്തെ ക്വാറന്‍റൈൻ എന്നത്, ഹൈ റിസ്ക് മേഖലകളിൽ നിന്ന് വന്നവർക്ക് 28 ദിവസത്തെ ക്വാറന്‍റൈനായി കേരളം ദീർഘിപ്പിച്ചിരുന്നു. ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്ന കേസാണ് ഇന്നും കോഴിക്കോട്ട് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ മാസം 18-നാണ് എടച്ചേരി സ്വദേശി നാട്ടിലെത്തുന്നത്. അന്ന് മുതൽ അദ്ദേഹം ഹോം ക്വാറന്‍റൈനിലാണ്. ജാഗ്രത ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇദ്ദേഹത്തിന്‍റെ ക്വാറന്‍റൈൻ കാലാവധി നീട്ടി. പക്ഷേ, ഇദ്ദേഹത്തിന്‍റെ പരിശോധന വൈകിയെന്ന സൂചനയും ലഭിക്കുന്നത്. കഴിഞ്ഞ മാസം 24-ാം തീയതി തന്നെ ചെറിയ പനിയുമായി ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്നു. എന്നാൽ എ ലെവലിലുള്ള പനി മാത്രമേയുള്ളൂ എന്നതിനാൽ, കൊവിഡ് പരിശോധനയ്ക്ക് വേണ്ട രോഗലക്ഷണങ്ങളില്ല എന്ന വിലയിരുത്തലിൽ ഇദ്ദേഹത്തെ പരിശോധിക്കാതെ പറഞ്ഞുവിടുകയായിരുന്നു. ആ കേസാണിപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് – കണ്ണൂർ അതിർത്തിപ്രദേശമായ എടച്ചേരിയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ്. ഇവർ മൂന്ന് പേരുമായി ഇടപഴകിയ എല്ലാവരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും സ്വാബ് ടെസ്റ്റ് നടത്തി ഫലം പരിശോധിക്കും.

കോഴിക്കോട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. നിലവിൽ കോഴിക്കോട്ട് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. ഇതിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്ന ജില്ലയാണ് കോഴിക്കോട്. 16,240 പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 16,211 പേർ വീട്ടിലാണ്. 29 പേർ ആശുപത്രിയിലുണ്ട്. ഇന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത് അഞ്ച് പേരാണ്.

കണ്ണൂരിലും ജാഗ്രത, കേസുകൾ കൂടുന്നു

കാസർകോട് രോഗികളുടെ എണ്ണം നേരത്തേതു പോലെ ആനുപാതികമായി കൂടുന്നില്ല എന്നതിനൊപ്പം അതിർത്തിജില്ലയായ കണ്ണൂരിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നു എന്നത് ആരോഗ്യവകുപ്പ് ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇന്ന് കണ്ണൂരിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി കണ്ണൂരിൽ നിന്ന് കേസുകൾ തുടർച്ചയായി എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതും ഇതിൽ അഞ്ച് ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും കണ്ണൂരിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ അതീവജാഗ്രത ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുന്നത്.

തലശ്ശേരി അടക്കമുള്ള മേഖലകളിലാണ് അതീവജാഗ്രത നിലനിൽക്കുന്നത്. ഇവിടെ അതീവശ്രദ്ധ വേണ്ട നാലിടങ്ങളെ ചുവപ്പ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂത്ത്പറമ്പ് നഗരസഭ, പാട്യം പഞ്ചായത്ത്, കതിരൂർ പഞ്ചായത്ത്, കോട്ടയം മലബാർ പഞ്ചായത്ത് എന്നിവിടങ്ങളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്.

ഇവിടെ അവശ്യ സാധനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചുവപ്പ് സോണിലായ പ്രദേശങ്ങളിൽ ബാങ്കുകൾ, റേഷൻ കടകൾ, പലചരക്ക് – പച്ചക്കറി കടകൾ, മീൻ വിൽപ്പന, ഇറച്ചി കടകൾ തുടങ്ങിയവയെല്ലാം അടച്ചിടണം. മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. അത്യാവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ സൗകര്യമുണ്ടായിരിക്കും. ചുവപ്പ് സോണിൽ പെട്ട പ്രദേശങ്ങളിലെ വീടുകളിലുള്ളവർ യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. ആൾക്കൂട്ടം യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button