എസ്.എ.ടി.യില്‍ വേറിട്ടൊരു വിഷു

എസ്. സേതുനാഥ് മലയാലപ്പുഴ.
തിരുവനന്തപുരം: വിഷുക്കാലം കുട്ടികളെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. പക്ഷെ കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍… കോവിഡ് 19 ബാധിച്ച് എസ്.എ.ടി. ആശുപത്രി ഐസൊലേഷനില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരങ്ങളായ 8, 13 വയസുള്ള കുട്ടികള്‍ക്ക് അവരുടെ ഐസൊലേഷന്‍ മുറിയില്‍ തന്നെ വേറിട്ട വിഷു ആഘോഷം ഒരുക്കിയിരിക്കുകയാണ് എസ്.എ.ടി. ആശുപത്രി ജീവനക്കാര്‍. ഐസൊലേഷന്‍ മുറിയില്‍ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കുകയും പുതുവസ്ത്രങ്ങളും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ അണിഞ്ഞാണ് ജീവനക്കാര്‍ കുട്ടികള്‍ക്ക് സന്തോഷമൊരുക്കിയത്.
വിഷു ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിയെത്തിയതോടെ അവര്‍ക്ക് സന്തോഷമായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടികളുമായി മന്ത്രി സംവദിച്ചത്. അമ്മയുടേയും കുഞ്ഞുങ്ങളുടേയും സന്തോഷത്തില്‍ മന്ത്രി പങ്കു ചേരുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ആ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും മന്ത്രി സംസാരിക്കുകയും കുട്ടികളുടെ ആരോഗ്യനില മനസിലാക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി പ്രശംസിച്ചു. ഈ വര്‍ഷത്തെ വിഷു ആഘോഷം കോവിഡ് വ്യാപന നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമ്മാനിക്കുന്നതായി മന്ത്രി പറഞ്ഞു.
എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.