
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തി പ്രസിഡന്റ്. ഡൊണാൾഡ് ട്രംപ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങൾ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നാണ് ട്രംപ് ഇപ്പോൾ ആരോപിക്കുന്നത്.
ലോകത്തേറ്റവും കൂടുതൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തതും ഏറ്റവും കൂടുതൽ ആളുകൾ രോഗ ബാധിതരായതും അമേരിക്കയിലാണ്.ലോകജനസംഖ്യയുടെ നാല് ശതമാനം മാത്രം ഉള്ളപ്പോഴും ലോകമാകെയുള്ള കൊറോണ മരണത്തിന്റെ 20 ശതമാനവും അമേരിക്കയിലാണ് ഉള്ളത്…….
വിവരങ്ങൾ ഏറ്റവും മറച്ചുവെക്കുന്ന രാജ്യമായി ട്രംപ് ആരോപിക്കുന്നത് ചൈനയേയാണ്. ചൈനയിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്. എന്നാൽ അവർ പറയുന്ന വിവരങ്ങൾ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം ചോദിച്ചു. അമേരിക്കയിൽ കൊറോണ ബാധിച്ച മരിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മൾ എല്ലാക്കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. ഓരോ മരണവും ഇവിടെ രേഖപ്പെടുത്തുന്നു ട്രംപ് പറഞ്ഞു.
ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളും കൊറോണയെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. ചില രാജ്യങ്ങളിൽ വലിയ പ്രശ്നങ്ങളാണ് ഉള്ളത്. എന്നാൽ അവർ കാര്യങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ഈ രാജ്യങ്ങളെ ഉദ്ദശിച്ച് ട്രംപ് പറഞ്ഞു..