
സിന്ധുമോള്‍ . ആര്‍
വാഷിങ്ടൻ : കോവിഡ് 19 മഹാമാരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ യു. എസിൽ പൊലിഞ്ഞത് 4,591 ജീവൻ. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോൺ ഹോപിൻസ് സർവകലാശാല പുറത്തുവിട്ടത്. യു. എസിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കുമാണിത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ യു. എസിൽ ബുധനാഴ്ച 2,569 പേർ മരിച്ചതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന സംഖ്യ.
യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ച് 34,641 പേർക്കാണ് ജീവൻ നഷ്ടമായത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ 678,144 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ പ്രധാന നഗരങ്ങളായ ന്യൂയോർക്, ന്യൂജഴ്സി എന്നിവയാണ് വൈറസിന്റെ പ്രഭവ കേന്ദ്രങ്ങൾ. ന്യൂയോർക്കിൽ മാത്രം 2,26,000ത്തോളം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 16,106 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ന്യൂയോർക്കിലാണ്. ന്യൂജഴ്സിയിൽ 3518 പേർ ഇതുവരെ മരിച്ചു, 75,000ത്തോളം പേർക്ക് രോഗബാധയും സ്ഥിതീകരിച്ചു.