ദരിദ്രര്‍ക്ക് താങ്ങായി ഇന്ത്യന്‍ റെയില്‍വേ

രജിലേഷ് കെ.എം.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാവപ്പെട്ട 11,500 പേര്‍ക്ക് ദിനംപ്രതി ഭക്ഷണം വിതരണം ചെയ്ത് ഇന്ത്യന്‍ റെയില്‍വേ ചരിത്രം സൃഷ്ടിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും ഐആര്‍സിടിസിയുടെയും ചില എന്‍ജിഒകളുടെയും സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭക്ഷണം നല്‍കുന്നതെന്ന് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭക്ഷണത്തോടൊപ്പം ആവശ്യക്കാര്‍ക്ക് മാസ്‌കുകളും വിതരണം ചെയ്യുന്നുണ്ട്.
ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ നിരവധി ദിവസവേതനക്കാര്‍ പട്ടിണിയിലായി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ സെക്യൂരിറ്റി കമ്മീഷണര്‍ എ എന്‍ ഝയാണ് വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍ പെടുത്തിയത്. റെയില്‍ മന്ത്രാലയം ഉടന്‍ അതിന് അനുമതി നല്‍കുകയും ചെയ്തു.
ഷക്കുര്‍ബസ്തി പ്രദേശത്തു മാത്രം 700 നും 800നും ഇടയില്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. നോയിഡയിലെ ചില എന്‍ജിഒകളും വിതരണത്തിനു വേണ്ടി ഭക്ഷണം അയയ്ക്കുന്നുണ്ട്.