
സ്വന്തം ലേഖകൻ
വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനു സമാശ്വാസത്തിന്റെ ദിനം. അഴിയൂരിലെ കോവിഡ് പോസറ്റീവ് ആയ വ്യക്തിയുടെ വീട്ടിലെ 14 പേരുടെ ഫലവും നെഗറ്റിവ്. നിലവില്‍ വടകര കോറോണ എസൊലൊഷെന്‍ സെന്ററിലാണ് ഇവര്‍ കഴിയുന്നത്. സമ്പര്‍ക്ക പട്ടികയിലുള്ള മറ്റ് അഞ്ചു പേരുടെ ഫലമാണ് ഇനി വരാനുള്ളത്. മാഹിയില്‍ കോവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ് ഇവര്‍. അഴിയൂരില്‍ കോവിഡ് പോസിറ്റീവായ വ്യക്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ രണ്ടാം ഫലവും പോസിറ്റീവാണ്.
പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനവും ജില്ലാ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതും അഴിയൂരില്‍ സമ്പര്‍ക്ക സാധ്യത കുറക്കാന്‍ വഴിയൊരുക്കി. കോവിഡ് സ്ഥിരികരിച്ച ഉടന്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിട്ടുകാരെ എസൊലൊഷെന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതും തുടര്‍ നടപടി കൈക്കൊണ്ടതും ആശ്വാസമായി. സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്തി സ്രവ പരിശോധന നടത്തിയതും നാല്, അഞ്ചു വാര്‍ഡുകള്‍ പൂര്‍ണമായി അടച്ച് പ്രതിരോധം തീര്‍ത്തതും അഴിയൂരിന് ഗുണകരമായി. പോലിസ്, റവന്യു വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഫലപ്രദമായി പ്രവര്‍ത്തിച്ചത് മാഹി, ന്യൂ മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സഞ്ചാരം കുറക്കുവാന്‍ സാധിച്ചു. വരും ദിവസങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ സഹകരിക്കമെന്നും അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയനും സെക്രട്ടറി ടി.ഷാഹുല്‍ ഹമീദും അറിയിച്ചു