ഇടുക്കി ഇനി മുതൽ പച്ചയിൽനിന്ന് മഞ്ഞയിലേയ്ക്ക്

ബിനു കല്ലാർ
ഇടുക്കി ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇടുക്കി കളക്ട്രേറ്റിൽ നിന്ന് ലഭിച്ച വിവരത്തിൽ
ഏലപ്പാറ 2, മണിയാറൻ കുടി 1, നെടുങ്കണ്ടത്തെ പുഷ്പകണ്ടം 1 എന്നിവിടങ്ങളിലാണ് പുതുതായി രോഗം ബാധിച്ചവർ..വീടുകളിൽ തന്നെ ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
എലപ്പാറയിലുള്ള 62 കാരിയായ അമ്മയ്ക്കും, 35കാരനായ മകനുമാണ് രോഗം ബാധിച്ചത്.മൈസൂറിൽ നിന്ന് ബൈക്കിൽ മാർച്ച് 25ന് എത്തിയ മകൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. മകനിൽ നിന്നാകാം അമ്മയ്ക്ക് രോഗം പകർന്നതെന്ന് കരുതുന്നു.65 കാരനായ അച്ഛനും ഭാര്യയും ഒമ്പതു മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവർക്ക് രോഗം ബാധിച്ചിട്ടില്ല.
മണിയാറൻകുടി സ്വദേശിയായ 35കാരൻ പൊള്ളാച്ചിയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് ലോറിയിൽ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറൻ്റെയിനിലാക്കി.
നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയിൽ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയിൽ പോയിട്ട് മാർച്ച് 18 ന് വീട്ടിലെത്തിയ ഇവർ ക്വാറൻ്റയിനിൽ കഴിയുകയായിരുന്നു.
നാലു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നു ജില്ലാ കളക്ടർ പറഞ്ഞു.ഇതിനോടൊപ്പം ഇടുക്കി ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവർക്ക് എതിരെ കേസ് എടുക്കുവാൻ കളക്ടർ ഉത്തരവിട്ടു.