InternationalLatest

ഇന്ത്യയില്‍ കൂടുതല്‍ ആണവോര്‍‌ജ പദ്ധതികള്‍

“Manju”

മോസ്കോ: ആണവ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും. തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ പദ്ധതിക്ക് പുറമേ പുതിയ ഇടങ്ങളിലും ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റുകള്‍ നിർമിക്കാനായി ഭാരതത്തെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യൻ ആണവ ഏജൻസി മേധാവി അറിയിച്ചു.

റഷ്യയിലെ സെവർസ്കില്‍ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന്റെ ഡയറക്ടർ ജനറല്‍ അലക്സി ലിഖാചേവ് ഇക്കാര്യം അറിയിച്ചത്. പ്രത്യേകമായി സൃഷ്ടിച്ച ആണവ ഇന്ധന ചക്ര പ്രകാരം നിർമാണം പുരോഗമിക്കുന്ന പ്രോറിവ് അഥവാ ബ്രേക്ക്ത്രൂ പദ്ധതി സന്ദർശിച്ചതിന് പിന്നാലെയാണ് സുപ്രധാന കാര്യം റഷ്യൻ മേധാവി പങ്കിട്ടത്. ഇന്ത്യയില്‍ റഷ്യൻ രൂപകല്‍പനയിലുള്ള, ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റിന്റെയൊരു പരമ്പര ഇതില്‍ ഉള്‍പ്പെടുന്നുവെന്നും റോസാറ്റോം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റഷ്യയുടെ സഹകരണത്തോടെയാണ് തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ്ജ പ്രൊജക്‌ട് പുരോഗമിക്കുന്നത്. 2002-ലാണ് ജല കേന്ദ്രീകൃത ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചത്. 2014-ല്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പ്രവർത്തനം തുടങ്ങി. രണ്ടാമത്തേത് 2016-ലും പ്രവർത്തനം ആരംഭിച്ചു. നിലവില്‍ രണ്ട് റിയാക്ടറുകളുടെ നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഡിസംബറില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശന വേളയില്‍ കൂടംകുളം പദ്ധതിയുടെ അഞ്ചാമത്തെയും ആറാമത്തെയും റിയാക്ടറുകളുടെ നിർമാണം സംബന്ധിച്ച കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമാണ് കൂടംകുളത്തേത്. റഷ്യൻ-ഇന്ത്യൻ സാങ്കേതിക, ഊർജ്ജ, വ്യവസായ സഹകരണത്തിന്റെ നേർക്കാഴ്ചയാണിതെന്നാണ് ലിഖാചേവ് വിശേഷിപ്പിച്ചത്.

Related Articles

Back to top button