
ഹരീഷ് റാം
മലപ്പുറം :കോവിഡ് 19 ബാധയെ തുടർന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി .ബുധനാഴ്ച്ച മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മഞ്ചേരി പയ്യനാട് വക്കങ്ങരപ്പറമ്പിൽ അഷ്റഫിന്റെയും ആസിഫയുടെയും മകൾ നൈഹ ഫാത്തിമയാണ് ഇന്ന് രാവിലെ ആറരയോടെ മരിച്ചത് .മരണകാരണം ഹൃദയാഘാതമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ ബുള്ളറ്റിനിലൂടെയറിയിച്ചു .ഖബറടക്കം കോവിഡ് ചട്ടങ്ങനുസരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും .ഖബറടക്ക ചടങ്ങുകളിൽ പിതാവിനെ മാത്രമാണ് പങ്കെടുപ്പിക്കുക .കോവിഡ് ബാധയെത്തുടർന്ന് മരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നൈഹ ഫാത്തിമ .ഇതോടെ കേരളത്തിലെ കോവിഡ് മരണം മൂന്നായി .ബുധനാഴ്ചയാണ് നൈഹക്ക് കോവിഡ് സ്ഥിരീകരിച്ചത് . ജൻമനാ ഹൃദുരോഗ വും വളർച്ചക്കുറവും അനുഭവപ്പെട്ടിരുന്ന കുഞ്ഞ് കഴിഞ്ഞ 3 മാസക്കാലം വീട്ടിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു .ഈ മാസം 17 ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടർന്ന് മഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യൂ മാണിയ ബാധ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു .21 വരെ കുട്ടി അവിടെ ചികിത്സയിൽ തുടർന്നു .21 ന് പുലർച്ചെ അപസ്മാരം ഉണ്ടായതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത് .തുടർന്നാണ് സ്രവ സാംപിൾ പരിശോധിച്ചതും കോ വിഡ് സ്ഥിരീകരിച്ചതും .ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്ന് മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസർ ഡോ .ടി .പി അഷ്റഫ് ,അസി .നോഡൽ ഓഫീസർ ഡോ .ടി.ജി സിന്ധു ,ശിശുരോഗ വിഭാഗം മേധാവി ഡോ .വി.ടി അജിത് കുമാർ ,സൂപ്രണ്ട് ഡോ .സി. ശ്രീകുമാർ, എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു .ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഹൃദയാഘാതം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു .ഇന്നലെ വീണ്ടും ഹൃദയാഘാതമുണ്ടായി .ഹൈക്ക് കോവിഡ് ബാധിക്കാനിടയായ സാഹചര്യം കണ്ടെത്താനായിട്ടില്ല .കുടുംബത്തിലെ ബന്ധുവിന് നേരത്തെ കോവിഡ് കണ്ടെത്തിയിരുന്നുവെങ്കിലും ഇവർ കുഞ്ഞുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത് .ഇവരുമായി ബന്ധപ്പെട്ടിരുന്ന ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ബന്ധുക്കളുമുൾപ്പെടെ അമ്പതോളം പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ് .