കേരളത്തിന്റെ തയ്യാറെടുപ്പുകൾ എന്തൊക്കെ? : ഹൈക്കോടതി

ശ്രീജ.എസ്
കൊച്ചി∙ പ്രവാസികളെ വിദേശത്തു നിന്ന് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടു സ്വീകരിച്ചിരിക്കുന്ന തയാറെടുപ്പുകളും മുൻകരുതലുകളും എന്തൊക്കെയെന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോടു ഹൈക്കോടതിയുടെ നിർദേശം. ഇതിനായി നിയോഗിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിടുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനുള്ള പരിമിതി അറിയാമെന്നും കോടതി പറഞ്ഞു.
അതേസമയം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ സഹതാപം ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി ഗർഭിണികളുടെയും പ്രായമായവരുടെയും കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് മേയ് അഞ്ചിന് പരിഗണിക്കുന്നതിന് മാറ്റിവച്ചു. വിദേശ രാജ്യങ്ങളിൽ കോവിഡ് 19 പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് നടപടി ആവശ്യപ്പെട്ട് കെഎംസിസിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പ്രവാസികളെ കൊണ്ടുവരാൻ കേരളം തയാറാണെങ്കിൽ അതു പരിഗണിച്ചു കൂടെ എന്നു കേന്ദ്രത്തോടു കോടതി ചോദിച്ചിരുന്നുഒരു സംസ്ഥാനത്തിന്റെ മാത്രം കാര്യത്തിൽ വിവേചനം സാധിക്കില്ലെന്നും നിരീക്ഷണ കാലയളവ് പൂർത്തിയാക്കാതെ പ്രവാസികളെ രാജ്യത്തേയ്ക്ക് കൊണ്ടുവരുന്നതു പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ നിലപാടു വ്യക്തമാക്കിയിരുന്നു.