KeralaLatest

കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് സപ്ളൈക്കോയുടെ സൂപ്പര്‍ മാര്‍ക്കറ്റ്

“Manju”

തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ഇരുവരും ടെര്‍മിനല്‍ സന്ദര്‍ശിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ സോണല്‍ എക്‌സിക്യുട്ടീവ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുക. ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസ് പാപ്പനംകോട്ടേക്ക് മാറ്റും. കെ.എസ്.ആര്‍.ടി.സിയുടെ ആധുനീകരണത്തിന്റെ ഭാഗമായാണ് സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. നിലവില്‍ ബസ് ജീവനക്കാര്‍ വിശ്രമത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് സോണല്‍ ഓഫീസ് കെട്ടിടം ഉപയോഗിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് രണ്ടാം നിലയിലേക്ക് മാറ്റും. ഒന്നാം നിലയില്‍ 2500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും സൂപ്പര്‍ മാര്‍ക്കറ്റ് ഉയരുക. കോര്‍പ്പറേഷനില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.

കൊവിഡ് കാലമായതിനാല്‍ തന്നെ ഓണ്‍ലൈന്‍ ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തും. ആഗസ്റ്റ് ഒന്നിന് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിലെ പോലെയാകില്ല ഇവിടത്തെ സൂപ്പര്‍ മാര്‍ക്കറ്റ്. മാര്‍ക്കറ്റ് വരുന്നതോടെ കൂടുതല്‍ ആള്‍ക്കാരെ ബസ് ഡിപ്പോയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് വരുമാനവും ഉയര്‍ത്താനാകും. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പാട്ടത്തിലായിരിക്കും സപ്ളൈക്കോ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുകയെന്ന് സപ്ളൈക്കോ റീജിയണല്‍ മാനേജര്‍ വി. ജയപ്രകാശ് പറഞ്ഞു.

Related Articles

Back to top button