KeralaLatest

പോഷകാഹാരക്കുറവ് ;കുട്ടികളുടെ സമഗ്രപരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

“Manju”

കല്‍പറ്റ: വയനാട്‌ ജില്ലയിലെ കുട്ടികളിലെയും ഗര്‍ഭിണികളിലെയും പോഷകാഹാരക്കുറവ് കണ്ടെത്താന്‍ സമഗ്രപരിശോധനാ നടപടികളുമായി ആരോഗ്യവകുപ്പ്. പോഷകാഹാരക്കുറവ് കാരണം കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ആറുമാസം പ്രായമുള്ള ആദിവാസിക്കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

കുട്ടിയുടെ മരണത്തിനുപിന്നാലെ, കുട്ടികളിലും ഗര്‍ഭിണികളിലും പോഷകാഹാരക്കുറവും അനാരോഗ്യവും ഏറുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഇടപെടുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമഗ്ര സ്‌ക്രീനിങ്ങിന് വകുപ്പ് നടപടിയെടുത്തത്.
ആറുവയസ്സുവരെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ തൂക്കം, ഉയരം, ഹീമോഗ്ലോബിന്റെ അളവ്, പോഷകക്കുറവ്, വിളര്‍ച്ച, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. സമഗ്രമായ വിവരശേഖരണം നടത്തി അതിനനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 69,000 കുട്ടികളെ പരിശോധിക്കും. 25-നകം പരിശോധന പൂര്‍ത്തിയാക്കും.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കു കീഴില്‍ സജ്ജമാക്കിയ പ്രത്യേക സംഘങ്ങളാണ് കുട്ടികളെ പരിശോധിക്കുന്നത്. കോളനികളിലെത്തിയും അങ്കണവാടികളിലും ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിച്ചുമായിരിക്കും പരിശോധന. ആവശ്യമായ ഇടങ്ങളില്‍ വീടുകളിലെത്തിയും കുട്ടികളെ കാണും. ജെ.എച്ച്..മാരുടെ നേതൃത്വത്തില്‍ ജെ.പി.എച്ച്.എന്‍., ആര്‍.ബി.എസ്.കെ. നഴ്സ്, ആശാവര്‍ക്കര്‍ തുടങ്ങിയവരടങ്ങിയ സംഘമായിരിക്കും പരിശോധന നടത്തുക. ആദിവാസിവിഭാഗങ്ങളില്‍നിന്നുള്ള ഗര്‍ഭിണികളിലും പരിശോധന നടത്തും. ഹീമോഗ്ലോബിന്‍, വിളര്‍ച്ച, ശരീരഭാരം തുടങ്ങിയവതന്നെയായിരിക്കും പരിശോധിക്കുക.

Related Articles

Back to top button