Kerala

40 ലക്ഷം പുഞ്ചിരികൾ

“Manju”

പ്രജീഷ് എൻ.കെ

കോവിഡ് കാലത്ത് 40 ലക്ഷത്തോളം വയോജനങ്ങളുടെ ക്ഷേമം അന്വഷിച്ച് അംഗനവാടി ജീവനക്കാർ

കോവിഡ് കാലയളവില്‍ അങ്കണവാടികള്‍ അടച്ച സാഹചര്യത്തില്‍ 33,115 അങ്കണവാടികളിലെ 66,000ത്തോളം ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലയളവില്‍ ഇതുവരെ സംസ്ഥാനത്തെ 40.24 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിത ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് ക്ഷേമം ഉറപ്പ് വരുത്തി. തിരുവനന്തപുരം 326459, കൊല്ലം 366310, പത്തനംതിട്ട 186261, ആലപ്പുഴ 311261 കോട്ടയം 285124, ഇടുക്കി 150089, എറണാകുളം 411827, തൃശൂര്‍ 469627, പാലക്കാട് 316679, മലപ്പുറം 388382, കോഴിക്കോട് 278498, വയനാട് 81629, കണ്ണൂര്‍ 324251, കാസര്‍ഗോഡ് 127312 എന്നിങ്ങനേയാണ് ജില്ലതിരിച്ച് വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ഫോണ്‍ വഴി ശേഖരിച്ചത്. ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്ലും താഴെ വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥരും അങ്കണവാടി ജീവനക്കാരും ചേര്‍ന്നാണ് വിവരശേഖരം നടത്തിയത്. ഇതുവരെ 40.24 ലക്ഷത്തോളം വയോധികരുടെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാന തലത്തില്‍ ക്രോഡീകരിച്ച് ആരോഗ്യവകുപ്പിനും തദ്ദേശ സ്വയംഭരണ വകപ്പിനും നല്‍കിയിട്ടുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങളില്‍ അതാത് വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൂര്‍ണമായും ഡിജിറ്റല്‍ ആയി സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് അങ്കണവാടി ജിവനക്കാര്‍ ബൃഹത്തായ വിവര ശേഖരണം നടത്തുന്നത്. വയോജനങ്ങളില്‍ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി മതിയായ ചികിത്സ നല്‍കിവരുന്നു. 59 ശതമാനം പേര്‍ വിവിധ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം പേര്‍ ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ട്. 83 ശതമാനം പേരുടെ കൈവശവും രണ്ടാഴ്ചത്തേക്കുള്ള മരുന്ന് കൈവശമുണ്ട്. മരുന്ന് കൈവശം ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

അംഗന്‍വാടിയിലെ പ്രീസ്‌കൂള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ പൂരക പോഷണങ്ങളടങ്ങിയ ഭക്ഷണം ടേക്‌ഹോം ആയി പ്രീസ്‌കൂള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വീട്ടില്‍ എത്തിച്ചുനല്‍കി. കുടുംബങ്ങളിലേക്ക് അങ്കണവാടി എന്ന പദ്ധതിയിലൂടെ അങ്കണവാടി പരിസരത്തുള്ള എല്ലാവരെയും ഫോണിലൂടെ വിളിച്ച് സംശയ നിവാരണവും വിവരശേഖരണവും പരാമര്‍ശ സേവനങ്ങളും അറിയിപ്പുകളും നല്‍കി കഴിഞ്ഞു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍, മരുന്നുകള്‍, ഭക്ഷണം എന്നിവ പലയിടത്തും അങ്കണവാടി പ്രവര്‍ത്തകര്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ രീതിയില്‍ ആരോഗ്യ ബോധവത്കരണ സന്ദേശങ്ങളും നല്‍കികൊണ്ടിരിക്കുകയാണ്.

വനിത ശിശുവികസന വകുപ്പിന്റെ 942 സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, 34 ഐ.സി.പി.എസ്. കൗണ്‍സിലര്‍മാര്‍, 37 ഫാമിലി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടി, ദിശ സംവിധാനങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. 24 മണിക്കൂറും സ്തുത്യര്‍ഹമായ സേവനമാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വയോജന അഗതി മന്ദിരങ്ങളില്‍ സ്ഥിതിവിവരം ആരായാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 500-ഓളം വയോജന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന് കൈമാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരം നിരീക്ഷണത്തിലുളള ആളുകളെ അങ്കണവാടി പ്രവര്‍ത്തകര്‍ ഫോണ്‍ വഴി വിളിച്ച് ക്ഷേമം ആരായുകയും ഇവ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്യുന്നു.

എഫ്.എം. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഷന്‍വാണി, മറ്റു സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി ബോധവത്ക്കരണം നടത്തിവരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ 9400080292 എന്ന വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ വഴി ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Leave a Reply

Back to top button