InternationalLatest

ഒറ്റദിവസം 768 കോവിഡ് മരണം

“Manju”

സിന്ധുമോള്‍ ആര്‍

 

ലണ്ടൻ∙ ആശ്വാസത്തിനു വകയില്ലാത്ത കണക്കും കാര്യങ്ങളുമാണ് ബ്രിട്ടനിൽ ഇപ്പോഴും. രോഗികളാകുന്നവരുടെ എണ്ണത്തിലോ മരണനിരക്കിലോ കുറവില്ലാത്ത അവസ്ഥ. 768 പേരാണ് ഇന്നലെയും ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. നഴ്സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങൾ വേറെയും. ആകെ മരണസംഖ്യ 19,506 ആയി. ഇറ്റലിക്കും സ്പെയിനും ഫ്രാൻസിനുമൊപ്പം ഇരുപതിനായിരത്തിന്റെ പട്ടികയിലേക്ക് കടക്കാൻ 24 മണിക്കൂർ പോലും വേണ്ടാത്ത അവസ്ഥ. ജനസംഖ്യാനുപാതവും നഴ്സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാൽ യുഎസിനേക്കാൾ ഭയാനകമാണ് ബ്രിട്ടനിലെ സ്ഥിതി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഒന്നര ലക്ഷത്തോട് (143,464) അടുക്കുകയാണ്. ദിവസേന നാലായിരത്തിലധികം പേരാണ് ഇപ്പോഴും ബ്രിട്ടനിൽ കോവിഡ് രോഗികളാകുന്നത്.

കോവിഡ് രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ചയോടെ ഒദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തിരിച്ചെത്തി ഭരണകാര്യങ്ങളിൽ സജീവമാകുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൺട്രി എസ്റ്റേറ്റ് ബംഗ്ലാവായ ചെക്കേഴ്സിൽ വിശ്രമിക്കുന്ന അദ്ദേഹം മന്ത്രിമാരും മറ്റും സഹപ്രവർത്തകരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും എലിസബത്ത് രാജ്ഞിയുമായും ടെലിഫോണിൽ സംസാരിച്ചു. മാർച്ച് 27നായിരുന്നു ജോൺസണ് രോഗബാധ സ്ഥീരീകരിച്ചത്. പിന്നീടു രോഗം വഷളായി ആശുപത്രിയിലാകുകയും ഒരാഴ്ചയോളം സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും ചെയ്തിരുന്നു.

എൻഎച്ച്എസ് ജീവനക്കാർക്കും മറ്റു കീ വർക്കർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനിലൂടെ കോവിഡ് ടെസ്റ്റിങ്ങിന് അവസരമൊരുക്കിയ സർക്കാർ അദ്യദിനം തന്നെ ഇതു നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. പത്തുലക്ഷത്തിലേറെ വരുന്ന കീ വർക്കർമാരും അവരുടെ കുടുംബാംഗങ്ങളും കൂട്ടത്തോടെ റജിസ്ട്രേഷനു ശ്രമിച്ചതോടെ വെബ്സൈറ്റ് തന്നെ പ്രവർത്തനരഹിതമായി. ആദ്യത്തെ രണ്ടുമിനിറ്റുകൊണ്ട് 5000 പേരാണ് ടെസ്റ്റിങ്ങിനായി റജിസ്റ്റർ ചെയ്തത്. ഇതോടെ വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചു. രാത്രിയോടെ ഓൺലൈൻ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും റജിസ്ട്രേഷൻ സുഗമമല്ല. 16,000 പേർ ഇതിനോടകം ടെസ്റ്റിങ്ങിന് റജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നാണ് സർക്കാർ കണക്ക്.

ലോക്ഡൗൺ നിബന്ധനകളിൽ ഇളവില്ലെങ്കിലും ബ്രിട്ടനിൽ ചില അവശ്യസർവീസുകളും ബിസിനസ് സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകി. കെട്ടിടനിർമാണമേഖലയിലും പ്രവർത്തനങ്ങൾക്കു സർക്കാർ ഇളവുകൾ നൽകി. വീടു നിർമാതാക്കളായ ടെയ‍്‍ലർ വിംബി, പെർസിമോൺ തുടങ്ങിയ കമ്പനികൾക്കാണു നിർമാണപ്രവർത്തനങ്ങൾ തുടരാൻ സർക്കാർ അനുമതി നൽകിയത്. കാർ നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ, നിസാൻ, ആസ്റ്റൺ മാർട്ടിൻ, ബെൻറ്റ്ലി തുടങ്ങിയവയ്ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. ബി ആൻഡ് ക്യൂ, സ്ക്രൂ ഫിക്സ്, വിക്സ് തുടങ്ങി നിർമാണ സാമഗ്രികളും മറ്റും വിൽക്കുന്ന വ്യാപാര ശൃംഖലകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. അലങ്കാര ചെടികൾ, കാർഷികാവശ്യത്തിനുള്ള സാമഗ്രികൾ തുടങ്ങിയവ വിൽക്കുന്ന ഫാമുകൾക്കും കടകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ആവശ്യത്തിന് ജോലിയില്ലാത്ത സാഹചര്യത്തിൽ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ഏഴായിരത്തോളം ജീവനക്കാരോടു ശമ്പളത്തോടുകുടിയുള്ള അവധിയിൽ പോകാൻ നിർദേശിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം അനുദിനം കൂടിവരികയാണ്. സതാംപ്റ്റൺ ജനറൽ ആശുപത്രിയിലെ ഇരട്ടകളായ നഴ്സുമാർ കോവിഡ് ബാധിച്ച് മരിച്ചു. 38 വയസുകാരായ കെയ്റ്റിയും അവരുടെ ഇരട്ട സഹോദരി എമ്മയുമാണ് അഞ്ചു ദിവസത്തെ ഇടവേളയിൽ കോവിഡിനു കീഴടങ്ങിയത്. ഇരുവർക്കും ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ ഉണ്ടായിരുന്നു. ഡോക്ടർമാരും നഴ്സുമാരും അടക്കം 121 ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്.

Related Articles

Leave a Reply

Back to top button