KeralaLatest

ശമ്പളം പിടിക്കല്‍ തീരുമാനത്തിൽ പുനഃപരിശോധനയില്ല;ധനകാര്യ മന്ത്രി

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ശമ്പളം പിടിക്കലല്ല, കൊടുക്കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി നേരിടാൻ സർക്കാരിന് ഇത്തരം നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ശമ്പളം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളും നിർദേശങ്ങളും സർക്കാരിന് ലഭിച്ചിട്ടുണ്ട്. അത് സമയമെടുത്ത് പരിശോധിക്കും. എന്നിരുന്നാലും ശമ്പളം മാറ്റിവെയ്ക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിൽ ശമ്പളം പിടിക്കലാണ് നടപ്പിലാക്കുന്നത്. ഡി.എ കുറയ്ക്കുമെന്ന് കേന്ദ്രംഅറിയിച്ചു. ഇതിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ഉത്തരവ് കത്തിച്ചുകൊണ്ടാണ് അദ്ധ്യാപക സംഘടനകൾ പ്രതിഷേധിച്ചത്. അത് വളരെ ദൗർഭാഗ്യകരമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

അദ്ധ്യാപകർ വീട്ടിലിരിക്കുകയല്ലേ, കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലി പോലും കിട്ടിയിട്ടില്ല. താത്ക്കാലികമായി അവർക്ക് സഹായം കൊടുക്കാൻ ശമ്പളമൊന്നു മാറ്റിവെയ്ക്കണമെന്ന് സർക്കാർ പറയുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന അദ്ധ്യാപകർ എന്ത് സാമൂഹിക ബോധമാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുന്നത്. ഇത്തരം കാഴ്ചപ്പാട് കേരളത്തിലെ അദ്ധ്യാപക സംഘടനകൾ സ്വീകരിക്കുന്നത് വിചിത്രമാണെന്നും ഐസക്ക് കുറ്റപ്പെടുത്തി.

ഏപ്രില്‍ മാസത്തില്‍ 250 കോടിയാണ്‌ സംസ്ഥാനസർക്കാരിന്റെ വരുമാനം. കേന്ദ്രം തന്നത് കൂടിയാവുമ്പോൾ അത് 2000 കോടിയാവും. 2500 കോടിവേണം ശമ്പളം കൊടുക്കാൻ. ക്ഷേമപെൻഷന് വേറെ കാണണം. കേന്ദ്രം തരുന്ന ഫണ്ട് ശമ്പളം കൊടുക്കാൻ പോലും തികയില്ല എന്നതാണ് വാസ്തവം. പ്രവാസികളും കൂടി തിരിച്ചെത്തിയതിനുശേഷം മാത്രമേ കേരളം നേരിടാൻ പോവുന്നത് എന്താണെന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. അതിനാൽ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ അതിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. 20000ൽ താഴെ ശമ്പളമുള്ളവർക്ക് ശമ്പളം മാറ്റിവയ്ക്കൽ ബാധകമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button