
സ്വന്തം ലേഖകൻ
വടകര: അഴിയൂരില്‍ രണ്ടാമത്തെ പോസറ്റീവ് കേസില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒടുവില്‍ സ്രവം എടുത്ത 21 വയസുകാരന്റെ പരിശോധനാഫലം നെഗറ്റിവ്. ഇദ്ദേഹം ഉള്‍പ്പെടെ 23 പേര്‍ വടകര കോറോണ സെന്ററിലാണ് ഉള്ളത്. രണ്ടാമത്തെ പോസിറ്റീവ് കേസില്‍ സമ്പര്‍ക്കത്തിലുള്ള ബാക്കി എല്ലാവരുടെയും ഫലം നേരത്തെ നെഗറ്റിവ് ആയിരുന്നു.
അഴിയൂരില്‍ ആകെ മൂന്നു പോസിറ്റീവ് കേസാണുള്ളത്.
മൂന്നാമത്തെ പോസിറ്റീവ് കേസില്‍ വീട്ടിലുള്ള ആറു പേരുടെ പരിശോധന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക് നടത്തുന്നതാണ്. നിലവില്‍ പോസറ്റിവ് ആയ വ്യക്തികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് കോവിഡ് പരിശോധന നെഗറ്റിവ് ആയത് ആശ്വസം പകരുന്നുണ്ട്. എങ്കിലും ദുബൈ നയ്ഫില്‍ നിന്ന് വന്നവര്‍ അടക്കം 79 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
28 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് പോസറ്റീവ് ആകുന്നത് കൊണ്ട്, വരുംദിവസങ്ങളിലും കര്‍ശന ജാഗ്രത തുടരുന്നതാണ്.
മൂന്നാമത് പോസറ്റീവായ വ്യക്തിയുടെ നിരീക്ഷണ കാലയളവ് കഴിഞ്ഞ് 33 ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരികരിച്ചത്. ആയതിനാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും 28 ദിവസം കഴിഞ്ഞാലും പുറത്തിറങ്ങരുത്. ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടത്തിന് ശേഷം മാത്രമേ പുറത്തിറങ്ങാവു.
അഴിയൂര്‍ പഞ്ചായത്ത് റെഡ് സോണില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ലഭിക്കുകയില്ല. കടകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെയ് മൂന്നുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതാണ്.
കടകള്‍ മുഴുവനും തുറക്കാന്‍ സഹായിക്കണം എന്ന് കാട്ടി വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് അഴിയൂരില്‍ ഇളവുകള്‍ ഇല്ല എന്ന് കലക്ടര്‍ വ്യക്തമാക്കിയത്.
കൊറോണാ കെയര്‍ സെന്ററില്‍ കഴിയുന്ന കുടുംബത്തിന്റെ നാലാം വാര്‍ഡിലെ വീട് അണു നശീകരണം നടത്താന്‍ പഞ്ചായത്ത് സെക്രട്ടറി വടകര ഫയര്‍ ആ്ന്റ റെസ്‌ക്യൂ വകുപ്പിന് അപേക്ഷ നല്‍കി. തിങ്കളാഴ്ച വീട് അണുവിമുക്തമാക്കുന്നതാണ്. സാമൂഹ്യ വ്യാപനം നടന്നോ എന്ന് പരിശോധിക്കുന്നതിന് പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം വരുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് എടുത്ത 10 സ്രവ പരിശോധന റിപ്പോര്‍ട്ട് ഇനി വരാനുണ്ട്. കൂടുതല്‍ പേരുടെ സ്രവം ഇന്ന് ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് എടുത്ത് പരിശോധനക്ക് അയക്കുന്നതാണ്.
അഴിയൂരിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പോലീസ്, റവന്യു, ആരോഗ്യം എന്നിവയുടെ ചെക്ക്‌പോസ്റ്റ് നിലവില്‍ ഉണ്ട്. ഇവരെ സഹായിക്കുന്നതിനു വടകര തഹസില്‍ദാറുടെ നിര്‍ദ്ദേശപ്രകാരം രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് ഇതിന് ഉപയോഗിക്കുന്നത്.
നിലവില്‍ സമ്പൂര്‍ണ ലോക്ക് ഡൗണായ എട്ടാം വാര്‍ഡില്‍ (ചിറയില്‍ പീടിക) ധാരാളം പേര്‍ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പാസില്ലാതെ യാത്ര ചെയ്യാനോ അനാവശ്യകാര്യത്തിന് പുറത്ത് ഇറങ്ങാനോ പാടില്ല. മറ്റു വാര്‍ഡുകളില്‍ നിന്നോ എട്ടാം വാര്‍ഡില്‍ നിന്നോ യാതൊരു കാരണവശാലും ജനങ്ങള്‍ പുറത്ത് പോകരുതെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പറഞ്ഞു.കാര്യങ്ങള്‍ക്കു വേണ്ടി വാര്‍ഡ് ധ്രുത കര്‍മസേന അംഗങ്ങളെ ഫോണ്‍ ചെയ്ത് പറയുക. അല്ലെങ്കില്‍ പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കില്‍ വിളിക്കുക. നമ്പര്‍ 9645243922.