Kerala

 കൈപ്പത്തി വെട്ടിയ കേസ്; രണ്ടാം ഘട്ട വിചാരണ തുടരാം : ഹൈക്കോടതി

“Manju”

കൊച്ചി: ചോദ്യപേപ്പറിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിന്റെ രണ്ടാം ഘട്ട വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ പ്രതികളായ സജൽ, നൗഷാദ് എന്നിവരാണ് വിചാരണ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഹർജി കോടതി തളളിയതോടെ രണ്ടാം ഘട്ട വിചാരണയ്ക്കുളള തടസങ്ങളും നീങ്ങി. ആദ്യം അറസ്റ്റിലായ 13 പ്രതികളുടെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു.

2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ബിരുദവിദ്യാർഥികളുടെ മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തി എന്നാരോപിച്ചാണ് മതതീവ്രവാദികളായ പ്രതികൾ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.

ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമല മാതാ പള്ളിയിൽനിന്ന് കുർബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അക്രമം നടത്തിയത്.

Related Articles

Back to top button