Kerala

കോട്ടയത്ത് അതീവ ജാഗ്രത

“Manju”

 

ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ.നാളെ ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ,വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ.കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം.

കോട്ടയം ജില്ലയില്‍ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ്, ഗ്രാമപഞ്ചായത്തുകളെ കോവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 27 ന് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കാം.

ഹോട്ട് സ്‌പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കേണ്ടതില്ല.അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റ് പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം. ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.

കോവിഡ്-പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ സാമ്പിള്‍ പരിശോധന വ്യാപകമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇതിനായി കോട്ടയം മെഡിക്കല്‍ കോളേജിലെയും തലപ്പാടിയിലെ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചിലെയും സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

സുരക്ഷാനടപടികളും കോട്ടയത്ത് കര്‍ശനമാക്കിയിട്ടുണ്ട്.മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.ഹോട്ട് സ്‌പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണ വിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ. കോവിഡ്-19 സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിര്‍ണയിച്ചിട്ടുണ്ട്. ഇവിടെ കര്‍ശന നിയന്ത്രണം ഉണ്ടാകും. ഇത്തരം മേഖലകളില്‍ ഭക്ഷണ വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തും.

Related Articles

Leave a Reply

Back to top button