മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിയുടെ സ്വീകരണ പരിപാടി .

ശ്രീജ.എസ്
ഭോപ്പാല്‍: രാജ്യമെമ്പാടും കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും സാമൂഹ്യ അകലം പാലിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുകയാണ്. എന്നാല്‍ മധ്യപ്രദേശില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മധ്യപ്രദേശ് ആരോഗ്യമന്ത്രി തന്നെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്.
മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്രയാണ് തന്റെ ജന്മാനാടായ ദാത്തിയയില്‍ സന്ദര്‍ശനം നടത്തുകയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തത്. അനുയായികള്‍ക്കൊപ്പം വീട്ടിലെത്തിയ നരോത്തം മിശ്രയെ തിലകമണിഞ്ഞാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത് തുടര്‍ന്ന് മധുരവിതരണവും നടത്തി. മാസ്‌ക് പോലും അണിയാതെയാണ് മന്ത്രിയും മറ്റുള്ളവരും പരിപാടിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കമല്‍നാഥ് മന്ത്രിസഭയെ അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് നരോത്തം മിശ്ര. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയാണ് നരോത്തം മിശ്ര.
സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി സ്വന്തം നാട്ടിലെത്തിയപ്പോഴാണ് നരോത്തം മിശ്രയ്ക്ക് നാട്ടുകാരും കുടുംബാംഗങ്ങളും സ്വീകരണമേര്‍പ്പെടുത്തിയത്. പിന്നീട് മാസ്‌ക് ധരിക്കാതെയാണ് അദ്ദേഹം തന്റെ ഓഫീസിലും എത്തിയത്. ജനക്കൂട്ടത്തോടൊപ്പം മന്ത്രി പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.
മധ്യപ്രദേശില്‍ കോവിഡ് 19 മരണസംഖ്യ 100 കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 2,090 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 145 പുതിയകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കിക്കൊണ്ട് നേരത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.