
പ്രജീഷ് . എൻ.കെ.
1885 എപ്രീൽ 27 ന് പാട്യത്തെകോരൻ ഗുരുക്കളുടെയും കാഞ്ഞിലേരിയിലെ ചീരു അമ്മയുടെയും മകനായി ജനിച്ച കുഞ്ഞിക്കണ്ണനാണ് പിന്നീട് സംസ്കൃതപണ്ഡിതനായ വാഗ്ഭടാനന്ദ ഗുരു ദേവരായി അറിയപ്പെട്ടത്. കേരളത്തിൻ്റെ നവോത്ഥാന കാലഘട്ടത്തിലെ സംസ്കൃതപണ്ഡിത ശ്രേഷ്ഠരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ മുൻഗണനീയരുടെ സ്ഥാനമുണ്ടായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവരും.വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും, സംസ്കൃത സാഹിത്യകൃതികളും ബാല്യകാലത്ത് തന്നെ ഹൃദ്യസ്ഥമാക്കിയ അദ്ദേഹം ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ ഉദ്ധരിച്ച് അദ്വൈത സിദ്ധാന്തത്തെ സമൂഹത്തിൽ നിലനിർത്താൻ പ്രയത്നിച്ചവരിൽ പ്രമുഖനാണ്.
അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കെതിരെയും, ഉച്ചനീചത്വങ്ങൾക്കെതിരെയും ജീവിതകാലം മുഴുവൻ സന്ധിയില്ലാ പോരാട്ടം നയിച്ചു. അവനവൻ്റെ ശരീരത്തിലെ ജീവൻ്റെ തേജസ്സായ ആത്മാവ് തന്നെയാണ് ദൈവമെന്നും നാം ചെയ്യുന്ന നന്മയും തിന്മയും ചേർന്ന കർമ്മങ്ങളുടെ പ്രതീകങ്ങളാണ് കൃഷ്ണനും കംസനുമെന്നും അദ്ദേഹം പ്രഭാഷങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നമ്മുടെ ചിന്തയുടെ പ്രതിഫലനങ്ങളാണ് നാം ചെയ്യുന്ന കർമ്മം. ചിന്തകൾ നന്നായാൽ മാത്രമെ കർമ്മങ്ങളും നന്നാവുകയുള്ളൂ. അവനവൻ്റെ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ തിരിച്ചറിയാതെയുള്ള ക്ഷേത്ര വിശ്വാസങ്ങളെയും, സമൂഹത്തിൽ വിശ്വാസങ്ങളെ പറ്റിതെറ്റായ ധാരണകൾ ഉണ്ടാക്കുന്ന കള്ളും മാംസവും നിവേദിച്ചുകൊണ്ടുള്ള തിറ ഉത്സവങ്ങൾ നടത്തുന്ന കാവുകൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.ഹൈന്ദവ സാംസ്കാരികതയുടെ തെളിനീർ അതിൻ്റെ പരിശുദ്ധിയോടെ ജനങ്ങളിലും സമൂഹത്തിലും വ്യാപരിച്ചു കാണണമെന്ന് ഗുരുക്കൾ ആഗ്രഹിച്ചു. അദ്ദേഹത്തിൻ്റെ ചിന്ത അതിൻ്റെതായ അർത്ഥ ശുദ്ധിയോടെ കാണാൻ കഴിയാതെ പോയത് അദ്ദേഹത്തിൻ്റെ കുറവായിരുന്നില്ല സമൂഹത്തിൻ്റെ ചിന്ത അദ്ദേഹത്തിൻ്റെ ബോധത്തിനനുസരിച്ച് ഉയരാൻ സാധിക്കാതെ പോയതാകാം. അതിനൊരു കാരണം അദ്വൈത സിദ്ധാന്തത്തെ കുറിച്ച്ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന അജ്ഞതയായിരിക്കും.
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും, പട്ടണപ്രദേശങ്ങളിലും ഭഗവത് ഗീതയെ സമൂഹികവത്കരിച്ച സംസ്കൃതപണ്ഡിതനായ വാഗ്ഭടാനന്ദ ഗുരുദേവരുടെ ചിന്തകൾക്കും കാഴ്ചപ്പാടിനും ഇന്നും വളരെയേറെ പ്രസക്തി ഉണ്ടെന്നെത് ഒരു യാഥാർത്ഥ്യമാണ്. സമ്പൂർണ്ണ സാക്ഷരതയും വിദ്യാഭ്യാസപരമായ പുരോഗതിയും നേടിയ സംസ്ഥാനമെന്നനിലയിൽ വികസനത്തിൻ്റെ കാര്യം വരുമ്പോൾ സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ നല്ലോരു പങ്കും ആധുനിക ചൂതാട്ടമായി ലോട്ടറിയിലും, മദ്യത്തിലും, ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്നുമാണെന്നത് നിഷേധിക്കാൻ പറ്റാതെവരുമ്പോൾ ആർജ്ജിച്ച സാമൂഹിക മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണോ?
മാനവികതയിൽ ഊന്നിയ സാമൂഹിക വിപ്ലവത്തിന് കേരളത്തിലെനിയും സാധ്യത ഉണ്ടെന്നിരിക്കെ, വാഗ്ഭടാനന്ദ ഗുരുദേവർ മുന്നോട്ട് വെച്ച ഭഗവത് ഗീതയിലൂന്നിയ അദ്വൈത സിദ്ധാന്ത തത്വത്തിൻ്റെ പ്രസക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.