
രജിലേഷ് കെ.എം.
ന്യൂഡൽഹി: കൊവിഡ് 19 രോഗം ഭേദമായവരിൽ അധികം പേരും മറ്റ് രോഗികളുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ വിമുഖത കാട്ടിയ വേളയിൽ അതിനായി മുന്നോട്ട് വന്ന് തബ്ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ. കൊവിഡ് രോഗം ഭേദമായ ഏകദേശം 300 പേരാണ് ചികിത്സയ്ക്കായി പ്ലാസ്മ നൽകാനായി തയാറായത്. തബ്ലീഗ് ജമാത്ത് തലവൻ മൗലാനാ സഅദ് കാന്ധൽവിയുടെ നിർദേശപ്രകാരമാണ് ഇവർ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്കായി തങ്ങളുടെ പ്ലാസ്മ നൽകാൻ ഇവർ സന്നദ്ധരായത്.
രോഗം പടരാൻ തബ്ലീഗ് മതസമ്മേളനം ഒരു കാരണമായത് സംബന്ധിച്ച് കാന്ധൽവിയുടെ പേരിൽ നിലവിൽ നരഹത്യയ്ക്ക് കേസ് ചാർജ് ചെയ്തിരിക്കുകയാണ് ഡൽഹി പൊലീസ്. രോഗം ഭേദമായവർ പ്ലാസ്മ ദാനം ചെയ്യുന്നതിനായി മുന്നോട്ട് വരണമെന്നും അക്കാര്യത്തിൽ മതവ്യത്യാസങ്ങൾ നോക്കാൻ പാടില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ അധികമാരും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോട് പ്രതികരിച്ചിരുന്നില്ല.
അതേസമയം, കൊവിഡ് രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ച് നടത്തുന്ന കോവാലസെന്റ് പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ ഡൽഹിയിൽ ഒരു കൊവിഡ് രോഗി രോഗമുക്തി നേടിയതായും വാർത്ത പുറത്തുവന്നിരുന്നു. തബ്ലീഗ് സമ്മേളനത്തെ തുടർന്ന് നിരവധി പേർക്ക് കൊവിഡ് രോഗം വന്നതിന് പിന്നാലെ രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാപകമായി വ്യാജസന്ദേശങ്ങളും ചിത്രങ്ങളും അടുത്തിടെ പ്രചരിച്ചിരുന്നു.