
രജിലേഷ് കെ.എം.
ഇസ്ലാമാബാദ് : അശ്ലീലത്തിനും നഗ്നതയ്ക്കുമുള്ള ശിക്ഷയാണ് കൊവിഡ് രോഗമെന്ന് പാക് പുരോഹിതന്‍. സ്ത്രീകളുടെ തെറ്റുകളും മാന്യതയുമില്ലാത്ത പ്രവര്‍ത്തികളുമാണ് മഹാമാരി പടരാന്‍ കാരണമെന്ന് മൗലാന താരിഖ് ജമീല്‍ ആരോപിച്ചു. ഒരു പ്രാര്‍ത്ഥനാ സംഗമത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ജമീലിന്റെ വിചിത്രമായ പ്രസ്താവന.
സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെയും അവരുടെ വേഷവിധാനത്തെയും കുറ്റപ്പെടുത്തിയ പുരോഹിതന്‍ രാജ്യത്തിന് മേല്‍ ദൈവത്തിന്റെ ശിക്ഷ വീഴാന്‍ കാരണം ഇതൊക്കെയാണെന്നും ആരോപിച്ചു.
ആരാണ് തന്റെ രാജ്യത്തെ പെണ്‍മക്കളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നത്. അവരുടെ വസ്ത്രം ചെറുതായി വരുന്നു. അശ്ലീലത സമൂഹത്തില്‍ സാധാരണമായതോടെ അള്ളാഹു ശിക്ഷ നല്‍കി- മൗലാന താരിഖ് ജമീല്‍ പറഞ്ഞു.
അതേസമയം ഇയാള്‍ക്കെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഏറെ പിന്തുണയുള്ള പുരോഹിതനാണ് താരിഖ്. തന്‍െ്‌റ ആരോപണം വന്‍ വിവാദമായിട്ടും ഇതുവരെ ഖേദം പ്രകടിപ്പിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. മഹാമാരിയെക്കുറിച്ച് അറിവില്ലാത്തവന്‍ അല്ലെങ്കില്‍ സ്ത്രീവിരുദ്ധ മനസുള്ളവന്‍ എന്നാണ് പാക്കിസ്ഥാനിലെ ഭരണകക്ഷിയായ തഹരീക് ഇ ഇന്‍സാഫ് ഇയാളെക്കുറിച്ച് പ്രതികരിച്ചത്.
വിഷയത്തില്‍ നിശ്ബദത പാലിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്. ഇത്രയും സ്ത്രീ വിരുദ്ധത സമൂഹത്തില്‍ വ്യാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രതികരിച്ചു.