KeralaLatest

വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടുന്നത് ആത്മഹത്യാപരം

“Manju”

കൃഷ്ണ കുമാർ സി

കോവിഡ് പ്രതിരോധ ലോക്ഡൗണുകളുടെ പേരിൽ ഇനിയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്ന പ്രവണത അവസിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും, സർക്കാർ നിർദേശപ്രകാരം അടച്ചിട്ട സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ്പ്രസിഡന്റ് ശ്രീ. കമലാലയം സുകു, സംസ്ഥാന ട്രഷറർ ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ശ്രീ. എസ് എസ് മനോജ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇനിയും ഈ രീതി പിന്തുടരുന്നതിൽ അർത്ഥമില്ല. തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ 22 ദിവസമായി അടഞ്ഞു കിടക്കുന്നു. ഇനിയും ഇതു തുടരാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ എന്നറിയുന്നു. കേരളത്തിലെ പല സ്ഥലങ്ങളിലും ഇതിനു സമാനമായ അന്തരീക്ഷമാണ്. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കാതെ കോവിഡ് വ്യാപനം തടയാൻ കഴിയില്ല. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുന്ന കാലഘട്ടം വരെ കടകൾ അടഞ്ഞു കിടക്കുന്നതാണ് കോവിഡ് വ്യാപനം തടയാനുള്ള പരിഹാരമെന്നുള്ള വിശ്വാസം അധികാരികൾ ഒഴികെ മറ്റാർക്കുമില്ല. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ വ്യാപാരികൾക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുകയുള്ളൂ. സ്വയം തൊഴിൽ ചെയ്യുന്നവനും, സ്വയം തൊഴിൽ നേടുന്നതിനോടൊപ്പം നിരവധി തൊഴിലവരങ്ങൾ സൃഷ്ടിച്ച വ്യാപാര -വ്യവസായ-സേവന മേഖലകളിലെ സംരംഭകർക്കും മാത്രമേ ലോക് ഡൗൺ കൊണ്ട് കനത്ത നഷ്ടം ഉണ്ടായിട്ടുള്ളു. നഷ്ടം മുഴുവൻ സ്വയം വീട്ടേണ്ടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. വ്യപാര ലൈസൻസ് പുതുക്കുന്നതിനു പോലും ഭീമമായ തുകയാണ് ഫൈനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. ആദ്യ ലോക്ഡൗൺ കാലഘട്ടത്തിൽ ലൈസൻസ് പുതുക്കുന്നതിന് കാലാവധി ഉണ്ടായിരുന്നു എന്നത് തദ്ദേശ സ്ഥാപനങ്ങൾ കണക്കിലെടുക്കുന്നില്ല. ബാങ്ക് വായ്പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ശുദ്ധ തട്ടിപ്പാണ്. കോവിഡ് കാലത്തും ബാങ്കുകൾക്ക് കൊള്ള ലാഭം ഉണ്ടാക്കാനുള്ള സാഹചര്യമാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഒരുക്കി കൊടുത്തത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതായി യാതൊരു സഹായവും ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ ജീവിതം തള്ളി നീക്കുന്നതിനോടൊപ്പം വാടക, ജീവനക്കാരുടെ ശമ്പളം, ബാങ്ക് പലിശ, വൈദ്യുതി ചാർജ് തുടങ്ങി പല ചെലവുകളും വഹിക്കുവാൻ വീണ്ടും വീണ്ടും ബാധ്യതപ്പെടേണ്ട ദുരന്തം സമാനമായ കടുത്ത സാഹചര്യത്തിലൂടെയാണ് കേരളത്തിലെ വ്യാപാരികൾ കടന്നു പോകുന്നത്. നിലവിലുള്ള വായ്പകളിന്മേൽ കേന്ദ്ര സർക്കാർ ഗ്യാരന്റിയിയിൽ വ്യാപാരികൾക്ക് അധിക ലോൺ നൽകുമെന്ന് പ്രഖാപിച്ചിരുന്നു. ഇതിനായി ബാങ്കുകളിലേക്ക് ചെല്ലുന്ന വ്യാപാരികളെ ഉദ്യോഗസ്ഥർ സാങ്കേതികത്വം പറഞ്ഞു മടക്കി അയക്കുന്നു. കെ. എഫ്. സി/കെ. എസ്. എഫ്. ഇ / കേരളാ ബാങ്ക് വഴി വ്യാപാരികൾക്ക് കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകുമെന്ന് സംസ്ഥാന ധനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. കോവിഡ് മൂലമുള്ള മരണനിരക്കിനേക്കാൾ ഭയാനകമാകും സംരംഭകരുടെ ആത്മഹത്യാ നിരക്കുകൾ എന്ന ആശങ്കയൂടെ കരിനിഴലുകൾ സംരംഭക സമൂഹത്തിൽ പടർന്നു പിടിക്കുകയാണ്. കോവിഡ് മൂലം ദുരിതത്തിലായ സംരംഭക സമൂഹത്തിനെ കൂട്ടത്തോടെ മുക്കി കൊല്ലുവാൻ മാത്രമേ ലോക്ഡൗണുകൾ സഹായിക്കുകയുള്ളു. അടിയന്തിരമായി സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാവണം. നഗര-ജില്ലാ-സംസ്ഥാന-രാജ്യ അതിർത്തികൾ തുറന്നു കിടക്കുകയും കടകൾ അടഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ മഹാനഗരങ്ങൾ ഈ നയം അപ്പാടെ തിരുത്തി കഴിഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംരംഭകർക്ക് സംരക്ഷണം നൽകാൻ ഭരണകൂടം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിസ്സഹകരിക്കാൻ വ്യാപാരികൾ നിർബന്ധിതരായി തീരുമെന്നും നേതാക്കൾ അറിയിച്ചു

Related Articles

Back to top button