
ഹർഷദ്ലാൽ തലശ്ശേരി
ഇരിക്കൂർ : കനത്ത വേനൽ മഴയിൽ ഇരിക്കൂർ കോളോട്ട് വീടിനുമേൽ മണ്ണിടിഞ്ഞു വീണതിനാൽ കുടുംബം അപകട ഭീഷണിയിലായി. കോളോട് പള്ളി പരിസരത്തെ കീത്തടത്ത് ഹൗസിൽ കായാക്കൂൽ മേമിയും കുടുംബവും താമസിക്കുന്ന വീടിന്റെ പടിഞ്ഞാറുഭാഗത്തെ മണ്ണിടിഞ്ഞുവീണാണ് വീട് അപകടാവസ്ഥയിലായത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ ശക്തിയേറിയ പ്രളയത്തിൽ പടിഞ്ഞാറ് ഭാഗത്തെ കുന്നിടിഞ്ഞ് വീടിനുമേൽ വീണിരുന്നു. അപകടാവസ്ഥ മനസ്സിലാക്കിയ കുടുംബനാഥൻ ഇത്തവണ അല്പം അകലെ കുന്നിടിച്ച് തട്ടുതട്ടുകളാക്കി അപകടാവസ്ഥ ഒഴിവാക്കാൻ മണ്ണെടുത്തതായിരുന്നു. എന്നാൽ കുഴിച്ചെടുത്ത മണ്ണ് മാറ്റാൻ സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം വെളുപ്പിനുണ്ടായ കനത്ത മഴയിൽ മണ്ണ് മുറ്റംനിറഞ്ഞ് വീടിന്റെ ചുമരിൽമുട്ടി നിറഞ്ഞു. ചെളിയും മഴവെള്ളവും വീട്ടിനുള്ളിലേക്ക് ഒഴുകിയതിനാൽ മുറികൾ ഉപയോഗശൂന്യമായി. ലോക്ക് ഡൗണിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റാനാവാത്ത അവസ്ഥയാണ്. മണ്ണ് മുഴുവൻ മാറ്റി അപകടാവസ്ഥ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേമി പൊലീസ് മേധാവിയോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയ കുട്ടിയടക്കം എട്ടുപേരാണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. വീടിന്റെ ഒന്നാംനിലയിലെ ജനലുകൾ മണ്ണ് മൂടി. ശക്തിയായി മണ്ണ് വീണ് ജനൽ ഗ്ലാസുകളും പൊട്ടിപ്പോയി.