KeralaLatest

ബിനീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം; കര്‍മസമിതിക്കു രൂപം നല്‍കി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: മുടപ്പിലാവില്‍ മാരാംമഠത്തില്‍ ബിനീഷ് ചെന്നൈയില്‍ ആത്മഹത്യചെയ്ത സംഭവത്തിലെ ദുരൂഹത കണ്ടെത്തണമെന്നാവശ്യപ്പെട്ട് കര്‍മസമിതി രൂപവത്കരിച്ചു. ചെന്നൈയില്‍ നിന്നു നാട്ടിലെത്താനുള്ള ഒരുക്കം നടത്തിയശേഷമാണ് ബിനീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വീട്ടില്‍ വന്നാല്‍ ക്വാറന്റൈനില്‍ ആയിരിക്കുമെന്നതു കൊണ്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി വെക്കാനും കേടായ ടിവി നന്നാക്കാനുമെല്ലാം ബിനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. എല്ലാം ചെയ്തു വെച്ച് ബിനീഷ് വരുന്നതും കാത്തിരിക്കുകയായിരുന്നു കുടുംബം. എങ്ങനെയെങ്കിലും നാട്ടില്‍ കുടുംബത്തിന്റെ അടുത്തെത്താന്‍ അത്രയധികം ആഗ്രഹിച്ച ആളുടെ ആത്മഹത്യ അതുകൊണ്ടുതന്നെ ദുരൂഹമാണ്. ജീവിതത്തില്‍ പലപ്പോഴും വലിയ പ്രയാസങ്ങള്‍ ഉണ്ടായിട്ടും ബിനീഷ് പിടിച്ചു നിന്നിട്ടുണ്ട്. ഏറ്റവും അവസാനം വിളിച്ചപ്പോഴും നാട്ടിലേക്ക് വരാനുള്ള പാസ് കിട്ടിയ സന്തോഷത്തിലായിരുന്നു്. പുറപ്പെടുന്നതിനുമുമ്പ് നാട്ടിലേക്കുവരുന്നത് ഫോണ്‍വിളിച്ച് വിലക്കിയവരാണ് മരണത്തിന്റെ ഉത്തരവാദികളെന്ന് കര്‍മസമിതി കുറ്റപ്പെടുത്തി. ഇതുള്‍പ്പെടെ വിശദമായി അന്വേഷിക്കണം.
നാട്ടിലേക്ക് ഇപ്പോള്‍വരേണ്ടതില്ലെന്ന് ആരോ വിളിച്ചുപറഞ്ഞശേഷം ബിനീഷ് കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ചില സുഹൃത്തുക്കള്‍ ചാനലുകളോട് പറഞ്ഞിട്ടുണ്ടെന്നും കര്‍മസമിതി ചൂണ്ടിക്കാട്ടി. മുഴുവന്‍ പ്രവാസികളെയും കോവിഡ് രോഗികളായി കാണുന്ന വരുടെ മാനസികാവസ്ഥയെയും സര്‍ക്കാര്‍ നിലപാടിനെയും ആത്മഹത്യക്കുറിപ്പില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏത് അധികാരികളാണ് ബിനീഷിനെ ഫോണ്‍വിളിച്ച് വിലക്കിയതെന്ന് അന്വേഷിച്ചുകണ്ടെത്തണം. ഇതിനായി ഫോണ്‍കാള്‍ ലിസ്റ്റ് പരിശോധിക്കണമെന്നും കുടുംബത്തിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.
ഭാരവാഹികളായി കെ. ലിനീഷ് (ചെയര്‍), ദേവദാസ് വായേരി (വൈസ് ചെയര്‍മാന്‍), അനൂപ് മുടപ്പിലാവില്‍ (കണ്‍വീനര്‍.), കെ.റസാഖ് (ജോ.കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button