
ബിനു കല്ലാർ
സാലറി ചലഞ്ചിൽ സർക്കാരിന് തിരിച്ചടി
പ്രത്യേക ഉത്തരവിലൂടെ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.
എല്ലാവരുടെയും പിന്തുണ സര്‍ക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു.സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാല്‍ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.
ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിച്ചുവയ്ക്കാന്‍ ഉള്ള ഉത്തരവ് പുറത്തിറക്കുന്നത് എന്ന് പറയുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ജീവനക്കാരോട് സ്വമേധയാ പണം തരണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍വീസ് ചട്ടപ്രകാരം ശമ്പളം സ്വമേധയാ മാത്രമേ നല്‍കാവൂ. ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുന്ന തുക എന്ന് തിരിച്ച് തരുമെന്ന് ഉത്തരവില്‍ ഇല്ല. ജീവനക്കാരന് കിട്ടുന്ന ശമ്പളം സേവനത്തിനുളള പ്രതിഫലമായി കണക്കാക്കിയാല്‍ നിയമവിധേയമായി മാത്രമേ പിടിച്ചെടുക്കാന്‍ കഴിയൂ. ഭരണഘടന അത് ഉറപ്പു നല്‍കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഒരു പ്രത്യേക സമയത്തിനുള്ളില്‍ ശമ്പളം കൊടുക്കണം എന്ന് പറയുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ശമ്പളം കൊടുക്കാതെ ഇരിക്കില്ല. നീട്ടി വെക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സമാനമായ തീരുമാനം നേരത്തെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങള്‍ ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
ദുരന്ത നിവാരണ നിയമപ്രകാരം മറ്റ് ഉത്തരവുകളെ മറികടക്കാവുന്നതാണ്. എപിഡമിക് ഡിസീസ് നിയമപ്രകാരവും ഈ ഉത്തരവ് സാധ്യമാണ്. സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന വരുമാനം കുറവാണ്. ഇപ്പോള്‍ വേതനം ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. വരുമാനത്തിന്റെ 52 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മദ്യത്തില്‍നിന്നും ലോട്ടറിയില്‍ നിന്നും സര്‍ക്കാരിനുള്ള വരുമാനം നിലച്ചിരിക്കുകയാണ്. 80000 കോടിയുടെ ആവശ്യം ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.
കൊവിഡിന് വേണ്ടിയാണോ ഈ പണം ഉപയോഗിക്കാന്‍ പോകുന്നതെന്ന് ഉത്തരവില്‍ എവിടെയാണ് പറയുന്നതെന്ന് കോടതി ചോദിച്ചു. ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിക്കുന്നത് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞു.
ഒരു ദിവസത്തെ ശമ്പളം പിടിച്ചാലും അത് വേതന നിഷേധമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം. പ്രളയകാലത്തെ സാലറി ചലഞ്ചും ഇപ്പോളത്തെ സാലറി കട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ മാസം ആറുദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവില്‍ ഉളളത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിച്ചതെന്നും കോടതി വിശദീകരിച്ചു.