KeralaLatestThiruvananthapuram

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

“Manju”

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ബസ്സിൽനിന്ന് ഇറക്കിവിട്ട് വനിതാ കണ്ടക്ടർ. ടിക്കറ്റ് എടുക്കാനായി നൽകിയ നോട്ട് കീറിയതെന്ന് ചൂണ്ടികാണിച്ചാണ് കുട്ടിയെ ബസ്സിൽനിന്നും ഇറക്കി വിട്ടത്. ടിക്കറ്റിനായി നൽകിയ 20 രൂപയല്ലാതെ വേറെ പണമില്ലന്ന് കുട്ടി പറഞ്ഞിരുന്നു. ഇതു കേൾക്കാൻ കൂട്ടാക്കാതെയാണ് പാറ്റൂർ സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം ബൈപ്പാസ് റോഡിൽ ഇറക്കി വിട്ടതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ആക്കുളത്തെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിയാണ് കുട്ടി. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ സ്‌കൂളിനു മുന്നിൽ നിന്നും കിഴക്കേക്കോട്ടയിലേയ്‌ക്കുള്ള സിറ്റി ഷട്ടിൽ ലോ ഫ്‌ളോർ കെഎസ്ആർടിസി ബസിൽ കയറുകയായിരുന്നു. ബസ്സിൽ നാല് യാത്രക്കാർ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. ടിക്കറ്റെടുക്കാൻ കൈവശമുണ്ടായിരുന്ന 20 രൂപ നോട്ടെടുത്ത് വിദ്യാർത്ഥി നൽകി. എന്നാൽ നോട്ടിന്റെ ഒരു വശം ചെറുതായി കീറിയിട്ടുണ്ടെന്നും ഇത് മാറാൻ സാധിക്കില്ല, വേറെ പണം തരാനും കണ്ടക്ടർ ആവശ്യപ്പെട്ടു.

കീറിയ നോട്ട് വെച്ച് ബസ്സിൽ ടിക്കറ്റ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ കണ്ടക്ടർ വെൺപാലവട്ടത്തിന് സമീപത്ത് ബെൽ അടിച്ച് ബസ്സ് നിർത്തി കുട്ടിയെ ഇറക്കിവിട്ടെന്നാണ് ആരോപണം. തുടർന്ന് ഒരു ഇരുചക്ര വാഹനയാത്രികന്റെ സഹായത്തിൽ ചാക്കയിൽ എത്തി.അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം നടന്നാണ് കുട്ടി വീട്ടിൽ എത്തിയതെന്നും പിതാവ് പറഞ്ഞു.

വനിതാ കണ്ടക്ടറുടെ നടപടി വിവാദമായതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൽ നിന്ന് ഫോണിലൂടെ മൊഴി ശേഖരിച്ചു എന്നാൽ ബസ്സിനെയും ജീവനക്കാരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രിയും എംഎൽഎയുമായ ഗണേഷ് കുമാർ രംഗത്തെത്തി. കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ നടപടി ശരിയായില്ലെന്നും സ്വന്തം മകനാണെങ്കിൽ ഇങ്ങനെ ഇറക്കി വിടുമോ എന്നും ഗണേഷ് കുമാർ ചോദിച്ചു. കൂടാതെ തമിഴ്‌നാട്ടിലെ ബസുകളിലെ ജീവനക്കാരെ കണ്ട് പഠിക്കണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

Related Articles

Back to top button