KeralaLatest

ആശങ്കയോടെ വന്നു സന്തോഷത്തോടെ യാത്രയായി

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി മണക്കാട് സ്വദേശി ഫാത്തിമ (80) ബീവിയും വര്‍ക്കല സ്വദേശി ബൈജുവും (45) മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി യാത്ര പറയുമ്പോള്‍ വലിയൊരു ആശങ്കയ്ക്കാണ് വിരാമമിട്ടത്. മെഡിക്കല്‍ കോളേജില്‍ നിന്നും വളരെ നല്ല ചികിത്സയാണ് ലഭിച്ചതെന്ന് ഫാത്തിമ ബീവിയും ബൈജുവും പറഞ്ഞു. മെഡിക്കല്‍ കോളേജിലെ പരിചരണം മാനസികമായി വലിയ പിന്തുണയാണ് കിട്ടിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമെല്ലാം നല്ല സേവനമാണ് നല്‍കിയത്. എല്ലാവര്‍ക്കും നന്ദി പറയുന്നു. സാമൂഹ്യ അകലം പാലിച്ച് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ബിജു പറഞ്ഞു. കോവിഡില്‍ നിന്നും മുക്തരായ ഫാത്തിമ ബീവിയ്ക്കും ബൈജുവിനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശംസകള്‍ അറിയിച്ചു. ഒപ്പം മികച്ച പ്രവര്‍ത്തനം നടത്തിയ മെഡിക്കല്‍ കോളേജ് ജിവനക്കാര്‍ക്ക് നന്ദിയും അറിയിച്ചു.

60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌കില്‍ വരുമ്പോഴാണ് 80 വയസുള്ളയാളെ കോവിഡില്‍ നിന്നും മെഡിക്കല്‍ കോളേജ് രക്ഷിച്ചെടുത്തത്. ഏപ്രില്‍ 9ന് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ എത്തിയ സുബൈര്‍ സൈനുദ്ദീന്റെ (61) അമ്മയാണ് ഫാത്തിമ ബീവി. തുടര്‍ച്ചയായി 4 പ്രാവശ്യം പോസിറ്റീവായതിന് ശേഷമാണ് മികച്ച ചികിത്സയിലൂടെ ഫാത്തിമ ബീവിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നെത്തിയ ബൈജുവിനെ ഏപ്രില്‍ 23നാണ് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയോടൊപ്പം രണ്ടിടവിട്ടുള്ള ദിവസങ്ങളിലുള്ള രണ്ട് പരിശോധനകളും നെഗറ്റീവായതോടെയാണ് വീട്ടിലെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്.

മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് ഓരോ രോഗിയുടേയും ചികിത്സ നിര്‍ണയിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, ഇന്‍ഫെഷ്യസ് ഡിസീസ് കണ്‍ട്രോള്‍ വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. അരവിന്ദ്, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മധുസൂദന്‍ പിള്ള, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി. നിര്‍മ്മല, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എ. സന്തോഷ് കുമാര്‍, പള്‍മണറി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അനിത കുമാരി എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. മെഡിസിന്‍ വിഭാഗം മോധാവി ഡോ. രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ ഏകോപിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജിവനക്കാര്‍ എന്നിവരെല്ലാം ചികിത്സയില്‍ പങ്കാളികളായി.

രോഗപ്രതിരോധത്തിനായി സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദുവാണ് ഈ സെല്ലിന് നേതൃത്വം നല്‍കുന്നത്. മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശാരദ ദേവിയാണ് പരിശോധനകള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. റേഡിയോ ഡയഗ്നോസിസ് വിഭാഗവും ക്രിറ്റിക്കല്‍ കെയര്‍ വിഭാഗവും ചികിത്സയില്‍ പങ്കാളിയായി. ആശുപത്രിയിലെ കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തനങ്ങളെ ഏകോപിക്കുന്നത് പീഡ് സെല്‍ അസോ. പ്രൊഫസര്‍ ഡോ. എം. അനുജയാണ്.

ജില്ലാ കളക്ടര്‍ ഗോപാല കൃഷ്ണന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും മെഡിക്കല്‍ കോളേജ് വലിയ സേവനമാണ് നല്‍കിയതെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ആര്‍.എം.ഒ.മാര്‍, സെക്യൂരിറ്റി ഓഫീസര്‍, പി.ജി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും യാത്രയയപ്പില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button