KeralaLatest

‍ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയതോടെ പ്രസവ ചികിത്സകള്‍ താളംതെറ്റി; കെ ജി എം ഒ എ

“Manju”

 

രജിലേഷ് കെ.എം.

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയതോടെ പ്രസവ ചികിത്സകള്‍ താളംതെറ്റിയതായും ഇതിന് ഉടന്‍ പരിഹാരം വേണമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയപ്പോള്‍ ഇവിടുത്തെ പ്രസവ വിഭാഗം ഇ കെ നായനാര്‍ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അവിടെയുള്ള ആരോഗ്യ വിഭാഗം ജീവനക്കാര്‍ സ്ഥല പരിമിതി മൂലവും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും കൊണ്ട് ബുദ്ധിമുട്ടുകയാണിപ്പോള്‍.

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി അടച്ചതിനാലും, ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതിനാലും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഗര്‍ഭിണികള്‍ക്ക് മറ്റൊരു ആശ്രയകേന്ദ്രമില്ലാതായി. കേവലം 14 മുറികളിലായി ഒരു സമയത്ത് 28 പേരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കേവലം മൂന്ന് കിടക്കകള്‍ മാത്രമേയുള്ളൂ. ഇക്കാരണങ്ങള്‍കൊണ്ട് സാമൂഹിക അകലം പാലിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്.

ഒരു മുറിയില്‍ തന്നെ രണ്ട് രോഗികള്‍ കിടക്കുന്നതും പ്രസവമുറിയില്‍ രണ്ട് രോഗികളെ ഒരേ കട്ടിലില്‍ കിടത്തേണ്ടി വരുന്നതും ഒരു കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ സ്ഥിതിചെയ്യുന്ന ഈ ആശുപത്രിക്ക് ഒട്ടും ഭൂഷണമല്ല. ആശുപത്രികള്‍ കൊറോണ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ ദുരവസ്ഥ കൊറോണ രോഗത്തിന്റെ സാമൂഹിക വ്യാപനത്തിനു തന്നെ കാരണമായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കാസര്‍കോട് ജില്ലയില്‍ ഒരു അമ്മയും കുഞ്ഞും ആശുപത്രിയില്ല എന്ന വസ്തുതയും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. അതിനാല്‍ കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് കെ ജി എം ഒ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുകൂടാതെ ജില്ലയിലെ മറ്റൊരു ഒരു പ്രസവ കേന്ദ്രമായ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ജനറല്‍ കേഡറില്‍ ജോലിചെയ്യുന്ന അനസ്തീഷ്യ വിദഗ്ദ്ധ സ്ഥാപനത്തിന്റെ ഭരണചുമതല വഹിക്കുന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം ഉണ്ടായേക്കാവുന്ന അടിയന്തിര സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ അനസ്‌തേഷ്യ വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button