Kerala

മൃതദേഹം ബലം പ്രയോഗിച്ച് പോലീസ് കൊണ്ട് പോയി

“Manju”

 

ഹർഷദ്ലാൽ

പള്ളൂർ: ഹൃദയാഘാതം മൂലം മരണപ്പെട്ട പള്ളൂർ സ്പിന്നിങ്ങ് മില്ലിനും അവറോത്ത് ക്ഷേത്രത്തിനും സമീപത്തെ മാഹി നഗരസഭാ ജീവനക്കാരൻ രജീന്ദ്രന്റെ മൃതദേഹം പള്ളൂർ പോലീസിന്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങൾ. ബുധനാഴ്ച ഉച്ച രണ്ടോടെ ശവസംസ്കാരം നടത്തേണ്ട മൃതദേഹമാണ് ഒരു മണിയോടെ പളളൂർ എസ്.ഐ. സെന്തിൽകുമാർ എത്തി പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പറ പഞ്ഞ് ബലം പ്രയോഗിച്ച് മാഹി ആസ്പത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മരണവുമായി ബന്ധപ്പെട്ട് ആർക്കും ഒരു പരാതിയുമില്ലാതിരിക്കെ എസ്.ഐ.യുടെ നടപടി ദുരൂഹമായി.

മൃതദേഹം വിട്ട് നൽകണമെന്നാവശ്യപ്പെട്ടു ബന്ധുക്കളും ബി.ജെ.പി.നേതാക്കളും മാഹി അഡ്മിനിസ്ട്രേറ്ററെയും മാഹി പോലീസ് സൂപ്രണ്ടിനെയും കണ്ട് സംസാരിക്കുകയും പരാതി നൽകുകയും ചെയ്തു. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മൃതദേഹം വിട്ടു നൽകാമെന്ന പോലീസ് സൂപ്രണ്ട് സമ്മതിച്ചെങ്കിലും എസ്.ഐ.തയ്യാറായില്ല.

ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ മരണ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും എസ്.ഐ. വഴങ്ങിയില്ല. തുടർന്ന് സ്റ്റേഷനിലെത്തിയ ബന്ധുക്കൾ, ബി.ജെ.പി.നേതാക്കൾ എന്നിവരുമായി വാക്കേറ്റമുണ്ടാവുകയും സ്ഥിതിഗതികൾ സംഘർഷ ഭരിതമാവുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതൽ ബി.ജെ.പി., ആർ.എസ്.എസ്. നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് എത്താൻ തുടങ്ങി. ഇതോടെ സംഭവം നിയന്ത്രിക്കാൻ പോലീസിന് കഴിയില്ലെന്ന് മനസ്സിലായതോടെ പോലീസ് സൂപ്രണ്ട് പള്ളൂർ സ്റ്റേഷനിലെത്തി മൃതദേഹം വിട്ട് നൽകാൻ അനുമതി നൽകി.

മൃതദേഹം ആസ്പത്രി മോർച്ചറിയിലെത്തിച്ച അതേ പോലീസ് തന്നെ വൈകുന്നേരം ഏഴോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാത്രി എട്ടോടെ ശവസംസ്കാരം നടത്തി.

മൃതദേഹത്തോട് അനാദരവ് കാണിച്ച സബ് ഇൻസ്പെക്ടറെ സർവ്വീസിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.മാഹി മണ്ഡലം പ്രസിഡന്റ് എ.സുനിൽ ലഫ്.ഗവർണ്ണർക്കും ഐ.ജിക്കും പരാതി നൽകി.

അതേ സമയം എന്തെങ്കിലും പരാതികളില്ലാതെ മൃതദേഹം ബലം പ്രയോഗിച്ച് പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോയ എസ്.ഐ.ഇക്കാര്യത്തിൽ വിശദീകരണമൊന്നും നൽകാനില്ല. എസ്.ഐ. ഫോണിൽ ലഭിച്ച ഒരു സന്ദേശത്തെ തുടർന്നാണ് നടപടി എന്ന് മാത്രമാണ് വിശദീകരണം.

 

Related Articles

Leave a Reply

Back to top button