KeralaLatest

ആയുര്‍വേദ ശാസ്ത്ര സമ്മേളത്തിന് കേരളം നേതൃത്വം നല്‍കും

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

തിരുവനന്തപുരം: മാര്‍ച്ച്‌ 12 മുതല്‍ 19 വരെ വെര്‍ച്വലായി നടത്തുന്ന നാലമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്) ലോകത്തെ ഏറ്റവും വലിയ ആയുര്‍വേദ ശാസ്ത്ര സമ്മേളനമായി മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ സംഘാടക സമിതി ചെയര്‍മാനുമായ വി. മുരളീധരന്‍ പറഞ്ഞു. 2020 മേയ് മാസത്തില്‍ അങ്കമാലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെസ്റ്റിവെല്‍ കൊവിഡ് കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്തവണ ഫെസ്റ്റിവെല്‍ വെര്‍ച്വലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

അന്താരാഷ്ട്ര സെമിനാര്‍, ആഗോള എക്സിബിഷന്‍, ബിസിനസ് മീറ്റ് എല്ലാം ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ആഗോള തലത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും, പേപ്പറുകള്‍ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞന്‍മാരുടേയും, രാജ്യങ്ങളുടേയും എണ്ണത്തിലും, പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ എണ്ണത്തിലും സര്‍വ്വകാല റിക്കോര്‍ഡാണ് ഇത്തവണ ഫെസ്റ്റിവെല്ലില്‍ ഉള്ളത്. അഞ്ച് വെര്‍ച്വല്‍ വേദികളിലായി എട്ട് ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട് നില്‍ക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍ 35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും, 150 തില്‍ പരം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരും പ്രഭാഷണങ്ങള്‍ നടത്തും, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 1150 ഗവേഷണ പ്രബന്ധങ്ങളില്‍ 650 എണ്ണം നേരിട്ടും, 500 എണ്ണം പോസ്റ്റര്‍ പ്രസന്റേഷനുമായി അവതരിപ്പിക്കും.

ഗവേഷണത്തിന്റെ സമകാലിക നേട്ടങ്ങളും പ്രാധാന്യങ്ങളും ലോകത്തെ അറിയിക്കുന്നതോടൊപ്പം വ്യവസായ വാണിജ്യ രംഗത്തും , വിദ്യാഭ്യാസം , ഗവേഷണം തുടങ്ങിയ മേഖലകളിലെ നയ രൂപീകരണങ്ങളും ഫെസ്റ്റിവെല്ലില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ശാസ്ത്ര സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കുന്നത് അതിനാല്‍ ലോകത്തിന്റെ ശ്രദ്ധ കേരളത്തിന്റെ ആയുര്‍വേദ രംഗത്ത് എത്തിക്കാന്‍ വേഗത്തില്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വെര്‍ച്വല്‍ ആയത് കൊണ്ട് തന്നെ ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധേനേടാന്‍ ഇത് വഴി കഴിയും. ഇതിന് വേണ്ടി വലിയ തലത്തിലുള്ള പ്രചരണ പരിപാടികള്‍ ആഗോള തലത്തില്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജിഎഎഫിന്റെ പാര്‍ട്ണേഴ്സായ 15 ഓളം വിദേശ സംഘടനകള്‍ വരുകയും, ഇന്‍ഡസ്ട്രി പാട്ണര്‍ ആയ ഫിക്കിയുടെ ലോകത്താകമാനമുള്ള 250 ഓളം ട്രേഡ് പാര്‍ടണര്‍മാരുമായും ജിഎഎഫിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ തോതിലുള്ള അന്താരാഷ്ട്ര സാന്നിധ്യം ഇത്തവണ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ആഗോള തലത്തില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ച്‌ കൊണ്ടാണ് ഇത്തവണത്തെ ശാസ്ത്ര സെമിനാല്‍ സെക്ഷനുകള്‍ നടത്തുന്നത്. ആയുര്‍വേദവും ഗവേഷണവും എന്ന വിഷയത്തില്‍ യുജിസി വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷന്‍ പട്വര്‍ദ്ധന്‍ അധ്യക്ഷത വഹിക്കും. ഡോ. ക്രിസ്ട്യന്‍ കെസ്ലര്‍ (ജര്‍മ്മനിയിലെ ചരിറ്റ് യൂണിവേഴ്സിറ്റി) ഡോ. വാള്‍ഡിസ് പിറാക്സ് ( ലാറ്റ്വിയ യൂണിവേഴ്സിറ്റി) ഡോ. അന്റോനെല്ല ഡെല്ലിഫെവ് എംഡി ( യൂണിവേഴ്സിറ്റി ഓഫ് മിലാന്‍) ഡോ. റോബര്‍ട്ട് ഷെനൈഡര്‍ (യുഎസ്‌എയിലെ മഹര്‍ഷി ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ), ഡോ. ഡാനിയല്‍ ഇ ഫോസ്റ്റ് (കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍) എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും,

പ്രതിരോധ ശേഷി രംഗത്ത് ആയുര്‍വേദത്തിനുള്ള പങ്ക് എന്ന മുഖ്യ വിഷയത്തോടൊപ്പം, പബ്ലിക് ഹെല്‍ത്ത് ആയുര്‍വേദവും ഗവേഷണവും, ഔഷധ സസ്യങ്ങളും, ഔഷധ നിര്‍മ്മാണവും, ഓരോ പ്രത്യേക രാജ്യങ്ങളിലേയും ആയുര്‍വേദ ചികിത്സയുടേയും വിദ്യാഭ്യാസത്തിന്റേയും സാധ്യതകള്‍ എന്നിവയെ സംബന്ധിച്ചുള്ള പ്രത്യേകം പ്രത്യേകമായ പ്രബന്ധങ്ങള്‍ 18 രാജ്യത്ത് നിന്നുള്ള പ്രതിനിധികള്‍ അവതരിപ്പിക്കും. കരള്‍ രോഗങ്ങള്‍ ലോകത്താകമാനം തന്നെ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ അതൊരു പ്രത്യേക പരിഗണ നല്‍കി അവതരിപ്പിക്കപ്പെടും, ആയുര്‍വേദ വൈദ്യശാസ്ത്രത്തിലേയും ആധുനിക വൈദ്യശാസ്ത്രത്തിലേയും വിദഗ്ധര്‍ ഒരുമിച്ച്‌ ഈ വിഷയം ചര്‍ച്ച ചെയ്യും.
‍‍
വൈസ് ചാന്‍സലര്‍മാര്‍, പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ ഔഷധ നിര്‍മ്മാണ രംഗത്തെ അതികായന്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍, തുടങ്ങിയ അതിപ്രശസ്തരുടെ നിര തന്നെ അണിനിരക്കും. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യാ സ്വാമിനാഥന്‍, കേന്ദ്ര ആയുഷ് സെക്രട്ടരി രാജേഷ് കൊട്ടേജ, ഉള്‍പ്പെടെ പ്രമുഖകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ.സി സുരേഷ് കുമാര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍, ഔഷധ നിര്‍മ്മാണ സംഘടന സെക്രട്ടറി ഡോ. രാമനാഥന്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ ഹരീന്ദ്രന്‍ നായര്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വിജയന്‍ നങ്ങേലി, ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി പ്രതിനിധി ബേബി മാത്യു സോമതീരം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. വിഷ്ണു നമ്പൂതിരി,ഡോ. സുരേഷ് കുമാര്‍ ത്രിവേണി, ഡോ. എസ് വേണു, എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button