KeralaLatest

പഞ്ചായത്തില്‍ ഒരു വിവാഹം; താലിയെടുത്ത് കൊടുത്ത് പ്രസിഡന്റ്‌

“Manju”

ഇടുക്കി: പ്രണയ വിവാഹത്തിന് ബന്ധുക്കള്‍ എതിര്‍ത്തതോടെ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്ന് യുവാവ്. വിവാഹിതരാകാനുള്ള ആഗ്രഹവുമായി ഇരുവരും മൂന്നാര്‍ പഞ്ചായത്ത് ഓഫീസിലേക്കാണ് പോയത്. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ തന്നെ മുന്‍കൈയെടുത്ത് വിവാഹം നടത്തുകയും ചെയ്തു.
ഇടുക്കി സ്വദേശികളായ സുധന്‍ സുഭാഷിന്റെയും നിവേദയുടെയും വിവാഹമാണ് പഞ്ചായത്ത് ഓഫീസില്‍വച്ച്‌ നടന്നത്. ഇരുവരും കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ചെന്നൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് സുധന്‍.
നിവേദയ്ക്ക് മാതാപിതാക്കള്‍ വിവാഹം ആലോചിച്ച്‌ തുടങ്ങിയപ്പോഴേ ബന്ധുക്കളെയും കൂട്ടി സുധന്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് നിവേദയുടെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് വാഗുവര വാര്‍ഡിലെ പഞ്ചായത്തംഗമായ ഉമ യുവതിയുടെ വീട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ നിലപാട് മാറ്റിയില്ല.
യുവതിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് സുധന് ഭീഷണിയും ഉണ്ടായി. തുടര്‍ന്ന് നിവേദയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ സുധന്‍, ഉമയ്‌ക്കൊപ്പം പഞ്ചായത്ത് ഓഫീസിലെത്തി വിവരം പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. പ്രസിഡന്റ് ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചു.
തുടര്‍ന്ന് താലിമാലയും വിവാഹമോതിരവുമായി ബന്ധുക്കള്‍ പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. പ്രസിഡന്റ് താലിമാല എടുത്തുനല്‍കി. ബന്ധുക്കളുടെയും പഞ്ചായത്തംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സുധന്‍ അത് നിവേദയുടെ കഴുത്തില്‍ ചാര്‍ത്തി. പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്ത ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

Related Articles

Back to top button