KeralaLatest

ഇന്ന് ലോക നേഴ്സസ് ദിനം

“Manju”

ഇന്ന് ലോക നേഴ്സസ് ദിനം: സേവന ലോകത്തെ മാലഖമാർക്ക് ഹൃദയപൂർവ്വം ശാന്തിഗിരി ന്യൂസിന്റെ സ്നേഹാദരങ്ങൾ.

ഹരീഷ് റാം.
സേവന ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ലോകമെമ്പാടും കൊണ്ടാടുകയാണ്. വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌ ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌. 1820 മേയ്‌ 12നാണ് നൈറ്റിംഗേല്‍ ജനിച്ചത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലാണ്‌ ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പുണ്യകര്‍മമാക്കി മാറ്റിയത്‌.

ലോകമാകെ കോവിഡ് താണ്ഡവമാടുമ്പോൾ, മനക്കരുത്തിന്റേയും നന്മയുടേയും കരുണയുടേയും ഹൃദയവുമായി പോരാടുകയാണ് ഓരോ നേഴ്സുമാരും. ഊണും ഉറക്കവും കുടുംബ ബന്ധങ്ങളും സ്വന്തം സുഖങ്ങളുമെല്ലാം മാറ്റി നിർത്തി, ജീവനു വേണ്ടി മല്ലടിക്കുന്നവരുടെ ആശ്വാസമാവുകയാണവർ. ദൈവത്തിന്റെ കണ്ണും, മനസ്സുമുള്ള വിളക്കേന്തിയ വനിതകൾ. അവരുടെ ദിനമാണിന്ന്. നമുക്ക് എല്ലാവർക്കും ചേർന്ന് അവർക്ക് ആശംസകളും പിന്തുണയും നേരാം.

“സ്നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നേഴ്സിന് സുഖപ്പെടുത്താൻ കഴിയും” എന്നൊരു ചൊല്ലുണ്ട്. ഏറ്റവും പ്രീയപ്പെട്ടവരുടെ പോലും സാമിപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവത ഘട്ടങ്ങളെ നേരിടാൻ ചിലപ്പോൾ അവരാണ് നമുക്ക് തുണയാവുന്നത്. സ്നേഹത്തിന് പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയയും നിറച്ച് നേഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാവുന്നു.

ലോകത്ത് എത്രയോ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധവും, പ്രകൃതിക്ഷോഭവും, പകർച്ചവ്യാധികളും ഒക്കെയായി പ്രകൃതി വിറങ്ങലടിച്ച് നിൽക്കുമ്പോൾ അതിലൊന്നും തളർന്ന് പോവാതെ തൂവെള്ള വസ്ത്രം ധരിച്ച് നിറഞ്ഞ പുഞ്ചിരിയുമായി കൈത്താങ്ങായി നിലകൊണ്ടിട്ടുള്ളത് നഴ്‌സുമാരാണ്. രാത്രിയും പകലുമില്ലാതെ ഉണർന്നിരുന്ന് പ്രവർത്തിക്കാൻ സന്മനസ് ഉള്ളവരാണവർ.
ഹൃദയപൂർവ്വം ശാന്തിഗിരി ന്യൂസിന്റെ സ്നേഹാദരങ്ങൾ.
ചരിത്രത്തിലാദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെച്ചത് 1953 ൽ ആണ്. എന്നാൽ 1974 ലാണ് മെയ് 12 ലോകനേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഇംഗ്ലണ്ടിലെ ഒരാശുപത്രിയിൽ നഴ്സായി ജോലി തുടങ്ങിയ നൈറ്റിംഗേലിനെ ഈ വിശേഷണത്തിന് അർഹയാക്കിയത് അവരുടെ അർപ്പണവും കർമ്മത്തിലെ ശുദ്ധതയുമാണ്. അവർ നഴ്സായി ജോലി ചെയ്തിരുന്ന കാലത്താണ് ക്രിമിയൻ യുദ്ധം നടക്കുന്നത്. യുദ്ധത്തിൽ മുറിവേറ്റവരെ രാവും പകലുമില്ലാതെ ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്വം നൈറ്റിംഗേലിനും ഒപ്പമുള്ള നഴ്സുമാർക്കുമായിരുന്നു. അതു വരെ ആരും കണ്ടിട്ടില്ലാത്ത വിധം ശാസ്ത്രീയമായിട്ടാണ് അവർ മുറിവേറ്റ സൈനികരെ പരിചരിച്ചത്.വളരെ മോശമായ സാഹചര്യങ്ങളാണ് ക്രിമിയയിലെ സൈനീകാശുപത്രിയിൽ അന്നേവരെ ഉണ്ടായിരുന്നത്.

ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങളുടെ സഖ്യസേനയും റഷ്യൻ സാമ്രാജ്യ സേനയും തമ്മിൽ നടന്ന യുദ്ധമായിരുന്നു ക്രിമിയൻ യുദ്ധം. 1853ൽ ആരംഭിച്ച യുദ്ധം മൂന്ന് വർഷം നീണ്ടുനിന്നു 1856ലെ പാരീസ് ഉടമ്പടിയോടെ അവസാനിച്ചു

സ്കൂട്ടാറിയയിലുള്ള ഒരു സൈനികാശുപത്രിയിൽ ജോലി ചെയ്യാനെത്തിയ നൈറ്റിംഗേൽ ആദ്യം ചെയ്തതെന്താണന്ന് അറിയണ്ടേ. പട്ടാളക്കാർ കിടക്കുന്ന മുറികൾക്കടുത്താണ് ശസ്ത്രക്രിയാ മുറി. ഓപ്പറേഷൻ കഴിഞ്ഞുള്ള മാലിന്യങ്ങളും മുറിച്ചു മാറ്റേണ്ടി വരുന്ന ശരീരാവശിഷ്ടങ്ങളും ഒക്കെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയും. ഇങ്ങനെ കളയുന്ന മാലിന്യങ്ങൾ അവിടെ കിടന്ന് ചീഞ്ഞ് നാറും. തങ്ങൾ കിടക്കുന്ന മുറികളിലെ ജനാലകളിലൂടെ മുറിവേറ്റ സൈനീകർക്കും ഈ കാഴ്ച കാണാം. ഇത് തന്നെ അവരുടെ ആരോഗ്യത്തെ കൂടുതൽ തളർത്തിയിരുന്നു. ഒരു ദിവസം ഒരു പട്ടാളവണ്ടി അവിടെയെത്തി. അന്നുവരെ ആരും നീക്കം ചെയ്യാൻ കൂട്ടാക്കാഞ്ഞ അവയവ കൂമ്പാരം ഒരു സ്ത്രീയും സംഘവും ചേർന്ന് വണ്ടിയിലേക്ക് മാറ്റി.കണ്ടു നില്ക്കുന്നവരിൽ പോലും അറപ്പുളവാക്കുന്ന ആ കർമ്മം ചെയ്തത് നെറ്റിംഗേലും കൂട്ടുകാരുമായിരുന്നു.

ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് അവർക്ക് ഒരു രാജകീയ വരവേല്പ് കൊടുക്കണം എന്നുണ്ടായിരുന്നു. അവരെ നാട്ടിലെത്തിക്കാൻ ഒരു പടുകൂറ്റൻ യുദ്ധകപ്പൽ തയ്യാറായി. പക്ഷേ നൈറ്റിംഗേലാകട്ടെ തനിക്കായി ഒരുക്കിയ കപ്പലിൽ കയറാൻ തയ്യാറായില്ല. മുറിവേറ്റവരും സുഖപ്പെട്ടവരും സഞ്ചരിച്ച ഒരു സാധാരണ കപ്പലിലാണ് അവർ ഇംഗ്ലണ്ടിലെത്തിയത്. നാട്ടിലെത്തിയ നൈറ്റിംഗേലിന് നാട്ടുകാർ സമ്മാനിച്ച അമ്പതിനായിരം പൗണ്ട് ഉപയോഗിച്ച് അവർ ഒരു നഴ്സിംഗ് സ്കൂൾ സ്ഥാപിച്ചു. 1860-ൽ ഉണ്ടാക്കിയ ഈ നഴ്സിംഗ് സ്കൂൾ ആതുരശുശ്രൂഷാ രംഗത്തൊരു പുതിയ ചുവട് വയ്പായിരുന്നു. . കേരളത്തിൽ നിന്നും ഒരു പാട് സ്ത്രീ പുരുഷന്മാർ നഴ്സായി വിദേശങ്ങളിലും മറ്റും ജോലി ചെയ്യുന്നുണ്ട്. വെല്ലുവിളികളെ മനക്കരുത്തോടെ നേരിട്ട ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജീവിതം ഈ ജോലി ചെയ്യുന്ന എല്ലാവർക്കും മാതൃകയാണ്.

ഇപ്പോള്‍ 120ലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സസ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899ലാണ് നിലവില്‍ വന്നത്.

ആതുര സേവന രംഗത്ത് ഇന്ന് മലയാളി വനിതകൾ ലോകമെങ്ങും സാന്നിദ്ധ്യമറിയിച്ചിരിക്കുകയാണ്. അവരുടെ കർമ്മപഥത്തിൽ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തുകയാണവർ. ഈ കൊറോണാക്കാലവും നേരിടാൻ ലോകമെമ്പാടുമുള്ള എല്ലാ നേഴ്സുമാർക്കും കരുത്തുണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു. അവർക്ക് പിന്തുണയുമായി നമുക്കും നിൽക്കാം

Related Articles

Back to top button