IndiaLatest

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍

“Manju”

ഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ ആവശ്യപ്പെട്ടത് കേരളം ചൂണ്ടിക്കാട്ടും. ജലനിരപ്പ് സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച്‌ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മേല്‍നോട്ട സമിതി ചെയര്‍മാനും, കേന്ദ്ര ജലകമ്മിഷന്‍ അംഗവുമായ ഗുല്‍ഷന്‍ രാജ്, കേരളത്തെ പ്രതിനിധീകരിച്ച്‌ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്‌നാടിന് വേണ്ടി അഡിഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന എന്നിവരാണ് പങ്കെടുത്തത്.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു. മഴ മാറി നിന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 2200 ഘനയടിയാണ്. അതേസമയം ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയര്‍ന്നാല്‍ സ്പില്‍വേയിലൂടെ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തില്‍ തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീംകോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ കൈക്കൊള്ളേണ്ട എല്ലാ നടപടികളും ഇടുക്കി ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button