ArticleKeralaLatest

ഭൂമിയിലെ മാലാഖമാരെ…. നിങ്ങളെ ലോകം വിളിക്കുന്നു

“Manju”

റ്റി. ശശിമോഹന്‍

ലോകത്തിലെ ആകെ ആരോഗ്യ പ്രവര്‍ത്തകരുടെ പകുതിയിലേറെയും നഴ്സുമാരാണ്. കാരുണ്യത്തിന്റെ മാലാഖമാര്‍! മെയ് 12 ന് ലോകമെങ്ങും നഴ്സുമാരുടെ ദിനമായി ആചരിയ്ക്കുകയാണ്. ഈ ദിനത്തിന് ഇന്ന് മുമ്പത്തേക്കാളും പ്രസക്തി ഏറിയിരിക്കുന്നു.

ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ നഴ്സുമാരേയും ആരോഗ്യപ്രവര്‍ത്തകരേയും ആദരിച്ചും, ആരോഗ്യപ്രവര്‍ത്തനം കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ്. “ഉണരൂ ലോകം വിളിക്കുന്നു” (wake up. The world is calling) എന്ന പരസ്യം നല്‍കുന്ന സൂചനാ ലോകമെങ്ങും ഉണ്ടാവാന്‍ പോവുന്ന നഴ്സിംഗ് തൊഴില്‍ സാധ്യതയിലേക്കാണ്.

അമേരിക്കയിലേയ്ക്ക് ആര്‍ക്കും ഗ്രീന്‍ കാര്‍ഡ് കൊടുക്കില്ലെന്നു ശഠിക്കുന്ന പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍‌ നഴ്സുമാരെ മാടി വിളിയ്ക്കുകയാണിപ്പോള്‍. ലോകത്തെ ഏറ്റവും മികച്ച നഴ്സുമാര്‍ ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും ഉള്ളവരാണ് അതുമാത്രമല്ല വികസിത രാജ്യങ്ങള്‍ എല്ലാം നഴ്സുമാര്‍ക്കായി ഇന്ത്യയെ ഉറ്റുനോക്കുന്നുണ്ട്.

“….. നഴ്സുമാരെ നിങ്ങളില്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം” എന്നു പറയേണ്ടി വരുന്ന അവസ്ഥയാണ് കോവിഡ് – 19 വ്യാപനം മൂലമുണ്ടായത്. ലക്ഷകണക്കിനു കോവിഡ് രോഗികള്‍ നഴ്സുമാരുടെ സ്നേഹവും പരിചരണവും കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു.

അന്യര്‍ക്ക് വെളിച്ചമായി സ്വയം എരിഞ്ഞടങ്ങുന്ന മെഴുകുതിരിയുടേതിന് തുല്യമാണ് ഭൂമിയിലെ മാലാഖമാരുടെ അവസ്ഥ. സ്വന്തം ജീവന്‍ അപകടപ്പെടുത്തിയാണ് കോവിഡ് – 19 എന്ന മഹാമാരിയ്ക്കു മുമ്പില്‍ സുസ്മേരവദരരായി നഴ്സുമാര്‍ കര്‍മ്മനിരതരാവുന്നത്. ത്യാഗസുരഭിലമാണ് അവരുടെ ജീവിതം.

കോവിഡ് കാലത്ത് വൈറസ് ബാധ തടയാനായി ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും അവര്‍ക്ക് കലശലായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. തിരക്കുള്ള ആശുപത്രികളില്‍ രാവും പകലും അവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു. -കുടുംബത്തെപ്പോലും മറന്ന്, ഐസൊലേഷന്‍ കേന്ദ്രത്തില്‍ തങ്ങി ജോലി ചെയ്യുന്ന നഴ്സായ അമ്മയെ കാണാന്‍ അച്ഛനോടൊപ്പം എത്തിയ പിഞ്ചു കുഞ്ഞിന്റെ കരളലിയിപ്പിക്കുന്ന കരച്ചില്‍ നാം ദൃശ്യമനാധ്യമങ്ങളിലൂടെ കണ്ടതാണ്.

എല്ലാവര്‍ക്കും നഴ്സുമാരെ വേണം പക്ഷേ അവര്‍ക്ക് രോഗം വന്നാല്‍ ആരുമില്ല. മുംബൈയിലും ദില്ലിയിലും മറ്റും കോവിഡ് – 19 ബാധിച്ച നഴ്സുമാരെ ആശുപത്രി അധികൃതര്‍ പാര്‍പ്പിക്കകയും ചികിത്സിയ്ക്കുകയും ചെയ്തിരുന്ന കാഴ്ച നാമെല്ലാം കണ്ടതാണ്. ദുരിതക്കയങ്ങളില്‍ നിന്നുള്ള അവരുടെ നിലവിളി നാം കേട്ടതാണ്.

നഴ്സ്മാരോടുള്ള ഈ ചിറ്റമ്മ നയം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. എത്രയോ കാലമായി അവരിതു നിശബ്ദ്ദം സഹിക്കുന്നു. ഒന്നു രണ്ടു വര്‍ഷമായതേയുള്ളൂ അവര്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയിട്ട്. വളരെ സുരക്ഷിതമെന്നു തോന്നുന്ന ഈ തൊഴിലിലെ തൊഴില്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ വഞ്ചനകള്‍, നിര്‍ദ്ദയമായ ഇടപെടലുകള്‍.

ശമ്പളം കൊടുക്കാതിരിക്കുക, അര്‍ഹിക്കുന്ന വേതനം നല്‍കാതിരിയ്ക്കുക ഇതാണ് ഏറ്റവും കാതലായ പ്രശ്നം. തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ സമയകൃത്യതയില്ലാത്ത ജോലി, വിശ്രമമില്ലാത്ത ജോലി, തൊഴില്‍ നിന്നു പോകുന്ന ബുദ്ധിമുട്ടുകള്‍ തൊഴിലിടങ്ങളിലെ അപര്യാപ്തതകള്‍ – അവശ്യ കാര്യങ്ങള്‍ക്കു പോലും സൌകര്യം ഇല്ലാത്ത അവസ്ഥ എന്നിവ ഈ മാലാഖമാരെ കണ്ണീരണിയിക്കുന്നു.

ആധുനിക നഴ്സിംഗിനു അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസിന്റെ ജനനം.

ക്രീമിയൻ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ച്‌ സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.

മേയ് 8 അമേരിക്കയില്‍ നഴ്സിങ് വിദ്യാര്‍ഥിദിനമായി ആചരിക്കുന്നുണ്ട്.

എന്നാല്‍ ഫ്ലോറന്‍‌സ് നൈറ്റിംഗേല്‍ നഴ്സുമാര്‍ക്കുള്ള ഉത്തമ മാതൃകയായി ഇപ്പോള്‍ കണക്കാക്കാത്തതുകൊണ്ട് ഈ ദിവസം ദിനാചരണം നടത്തുന്നത് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് നഴ്സിങ് സിസ്റ്റേഴ്സ് സ്ഥാപിച്ച എലിസബത്ത് ഫ്രൈ യുടെ ജനമദിനം നഴ്സസ് ദിനമാക്കാൻ ഇടക്ക് ആലോചന ഉണ്ടായിരുന്നു

ഇപ്പോള്‍ 120 തിലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സസ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899 ലാണ് നിലവില്‍ വന്നത്.

ലോകമെങ്ങുമുള്ള ആതുരസേവകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, ശ്രദ്ധയോടെയുള്ള ശുശ്രൂഷ ഉറപ്പാക്കുക, നൂതനമായ സാങ്കേതിക വിദ്യാഭ്യാസം നല്‍കുക, ആതുരസേവനമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ ചുമതലകള്‍.

ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്‍റെ ചരിത്രം കേരളത്തിന്‍റെ ആതുരശുശ്രൂഷാ രംഗത്തിന്‍റെചരിത്രം കൂടി പറയുന്നതാണ്.

Related Articles

Back to top button