IndiaLatest

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

വരണാസി : ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി ഇടനാഴി ഉദ്ഘാടനം ചെയ്യുക. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ് കാശിയില്‍ ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടന പരിപാടികള്‍ക്കായി പ്രധാനമന്ത്രി ഉച്ചയോടെ കാശിയില്‍ എത്തും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാകും അദ്ദേഹം ഉദ്ഘാടന കര്‍മ്മത്തിലേക്ക് കടക്കുക.

ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രം സന്ദര്‍ശിച്ച ശേഷമാകും ഇടനാഴി ഉദ്ഘാടനത്തിനെത്തുക. വൈകീട്ട് ആറ് മണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കു ചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴി. ഇതിന്റെ നിര്‍മ്മാണം 2019 മാര്‍ച്ച്‌ എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ ചിലവിട്ടിരിക്കുന്നത്.ആദ്യഘട്ട നിര്‍മാണത്തിന് 339 കോടി രൂപയാണ് ചെലവായത്.

ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇടുങ്ങിയ വഴിയിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്ര തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കണ്ടെത്തി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇടനാഴി പദ്ധതിക്കു രൂപംനല്‍കിയത്.

ഭിന്നശേഷിക്കാര്‍ക്കും സുഗമമായി ഉപയോഗിക്കാന്‍ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദേശം. ഈ നിര്‍ദേശങ്ങളെല്ലാം സമന്വയിക്കുന്നതാണ് ഇടനാഴി. പദ്ധതിക്കായി ക്ഷേത്രത്തിനു സമീപത്തെ മുന്നൂറോളം പേരില്‍നിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. കയ്യേറ്റങ്ങളും ചെറുകടകളുമടക്കം 1,400 വ്യാപാരസ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിച്ചു. 50 അടി വീതിയില്‍ പാതയൊരുക്കി 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിര്‍മ്മിച്ചിരിക്കുന്നത്.

അതീവ സുരക്ഷയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. എന്‍എസ്ജി, ഭീകര വിരുദ്ധ സേന, ഉത്തര്‍പ്രദേശ് പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് വരണാസിയില്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സുരക്ഷാ സേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ സന്നിഹിതരാകും. അസം, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മദ്ധ്യപ്രദേശ്, മണിപ്പൂര്‍, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചടങ്ങില്‍ പങ്കെടുക്കുക. ഇവര്‍ക്ക് പുറമേ ഒമ്പത് ഉപമുഖ്യമന്ത്രിമാരും ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button