KeralaLatest

കൊട്ടാരക്കരയിൽ തീപിടുത്തം വൻ ദുരന്തം ഒഴിവായി

“Manju”

 

സ്വന്തം ലേഖകൻ

കൊട്ടാരക്കര : കൊട്ടാരക്കരയിൽ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം, കോടികളുടെ നഷ്ടം. കൊട്ടാരക്കര കെ.എൻ.എസ് ആശുപത്രിയ്ക്ക് സമീപം  പ്രവർത്തിക്കുന്ന ദാമു ആന്റ് സൺസ് എന്ന കമ്പനിയുടെ ഗോഡൗണിലാണ് തീ പടർന്നത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെയിന്റ്, ഹാർഡ് വെയർ ഐറ്റംസ്, ടൈൽസ് എന്നിവ കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തിനശിച്ചത്. ഗോഡൗണിൽ നിന്നും തീ ഉയരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഉടൻതന്നെ കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് തീ പൂർണമായും കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെയിന്റ്, വാർണിഷ് എന്നിവയിലേക്ക് തീ പടർന്നതോടെയാണ് ആളിക്കത്തിയത്. ലോക് ഡൗൺ സമയമായതിനാൽ ഭാഗീകമായി മാത്രമേ കമ്പനി പ്രവർത്തിച്ചിരുന്നുള്ളൂ. ജീവനക്കാർ തീ പിടിത്ത സമയത്ത് ഗോഡൗണിന്റെ അകത്തുണ്ടായിരുന്നതുമില്ല. അതുകൊണ്ടുതന്നെ വൻ ദുരന്തം ഒഴിവായി. കൊട്ടാരക്കര പൊലീസ് കേസെടുത്തു. തീ പടരാനുള്ള സാദ്ധ്യതകൾ വിലയിരുത്തുകയാണ് പൊലീസ്. കൊട്ടാരക്കര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി.ശിവകുമാറിന്റെ നേതൃത്വത്തിൽ സേനാഗംങ്ങളായ ഷാജിമോൻ,ആർ സജീവ്, ദിലീപ് കുമാർ , മനോജ്, ബിനു, പ്രമോദ് , ബിനീഷ് എന്നിരടങ്ങിയ സംഘമാണ് തീ അണയ്ക്കാൻ നേതൃത്വം നൽകിയത്. ചലച്ചിത്ര സംവിധായകൻ രഞ്ജിലാൽ ദാമോദറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. വിവിധ ജില്ലകളിലേക്ക് ഹാർഡ് വെയർ, ടൈൽസ്, പെയിന്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതാണ് കമ്പനി.

Related Articles

Back to top button