IndiaLatest

വൈദ്യുതി നിരക്കില്‍ നാലിരട്ടി വര്‍ദ്ധന ;കര്‍ണാടകയില്‍ ഇന്ന് ബന്ദ്

“Manju”

ബെംഗളൂരു: സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത് കടുത്ത ഷോക്ക്. നാലിരട്ടി വര്‍ദ്ധനവാണ് സര്‍ക്കാര്‍ വൈദ്യുതി നിരക്കില്‍ കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് ബന്ദ് നടത്തുമെന്ന് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ എട്ടുദിവസമായി തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ സര്‍ക്കാരിനെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഈ സാഹചര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യാപാരികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ ജില്ലാ ചേംബറുകളും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായും കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ പറഞ്ഞു. മേയ് 12-നാണ് കര്‍ണാടക വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ യൂണിറ്റിന് ഏഴു പൈസവീതം വര്‍ധിപ്പിച്ചത്. പിന്നീട് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് അധികവൈദ്യുതി വാങ്ങേണ്ടിവന്നതിനാല്‍ യൂണിറ്റിന് 51 പൈസവീതം പര്‍ച്ചേസ് കോസ്റ്റ്ഈടാക്കാനും തീരുമാനിച്ചു. ഇതനുസരിച്ച്‌ ജൂണില്‍ വലിയ വൈദ്യുതി നിരക്കാണ് കച്ചവട സ്ഥാപനങ്ങളും വ്യവസായ സ്ഥാപങ്ങളും അടയ്‌ക്കേണ്ടത്.

ഈ മാസം മുതല്‍ കര്‍ണാടകയില്‍ വൈദ്യുതി ബില്ലില്‍ നാലിരട്ടിയിലധികം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ബെംഗളൂരു അടക്കമുള്ള നഗരപ്രദേശങ്ങളില്‍ ലഭിച്ച വൈദ്യുത ബില്ലിലാണ് വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. താരിഫില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി ബില്ലില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ടായതായി പലരും പരാതിപ്പെട്ടപ്പോള്‍ ചിലര്‍ തങ്ങളുടെ ബില്ലുകള്‍ ഏകദേശം ഇരട്ടിയായതായി പരാതി ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം, ഏകദേശം 700 രൂപ അടച്ചിരുന്ന ഒരു ഇടത്തരം കുടുംബത്തിന് ഈ മാസം 1,300 രൂപയുടെ ബില്ലാണ് വന്നത്. ധാരാളം പരാതികള്‍ ലഭിച്ചതോടെ കര്‍ണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (കെഇആര്‍സി) അംഗീകരിച്ച പരിഷ്‌കരണത്തിന്റെ ഭാഗമാണിതെന്നും കുടിശ്ശിക ഈടാക്കുകയാണെന്നും ബെസ്‌കോം പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ബന്ദിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.

 

Related Articles

Back to top button